സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായ പൂക്കളം നശിപ്പിക്കുന്ന ദൃശ്യങ്ങൾ കൊച്ചിയിലെ പാലാരിവട്ടത്തു നിന്നുള്ളതാണെന്ന് വ്യക്തമായി. കർണാടകയിലെ ബെംഗളൂരുവിൽ സംഭവിച്ചതെന്ന തരത്തിലായിരുന്നു ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ പാലാരിവട്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ്.
പാലാരിവട്ടത്തെ ‘മൈഥിലി’ എന്ന വാണിജ്യ സമുച്ചയത്തിന് മുന്നിൽ ജീവനക്കാരും കടയുടമകളും ചേർന്ന് ഉത്രാടദിനത്തിൽ തീർത്ത അത്തപ്പൂക്കളമാണ് പെൺകുട്ടികളിൽ ഒരാൾ കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ച് അലങ്കോലമാക്കിയത്. കെട്ടിടത്തിലെയും സമീപ സ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതോടെയാണ് വഴിയിലൂടെ നടന്നുപോയ പെൺകുട്ടികളിൽ ഒരാൾ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നത്.
സംഭവത്തിനു പിന്നിലെ യാഥാർഥ്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമകളും പ്രാദേശിക പൊതുപ്രവർത്തകരും പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പാലാരിവട്ടം പൊലീസ് പ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് വിശദമായ പരിശോധന തുടരുകയാണ്.