കണ്ടന്റ് ക്രിയേറ്ററായ ശുഭം പ്രജാപ്പത് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഹൗസ് ടൂർ വീഡിയോയിലൂടെയാണ് ഈ വീടിന്റെ അത്ഭുതപ്പെടുത്തുന്ന അകത്തളങ്ങൾ ആളുകളിലേക്ക് എത്തിയത്. ആനന്ദ് പ്രകാശ് ചൗക്‌സെയുടെ മകനും കുടുംബവുമാണ് വീഡിയോയിൽ വീടിന്റെ ഓരോ പ്രത്യേകതകളും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.
യഥാർത്ഥ താജ്മഹലിന്റെ മൂന്നിലൊന്ന് വലിപ്പത്തിലാണ് ഈ രണ്ടുനില വീട് പണിതുയർത്തിയിരിക്കുന്നത്. ഏകദേശം രണ്ടു വർഷത്തോളമെടുത്താണ് ഇതിന്റെ പണി പൂർത്തിയാക്കിയത്. “യഥാർത്ഥ താജ്മഹലിന്റെ അളവുകൾ മീറ്ററിലായിരുന്നു, ഞങ്ങൾ അത് അടിയിലേക്ക് മാറ്റി മാപ്പുകൾ തയ്യാറാക്കുകയായിരുന്നു. അതിനാൽ ഇത് താജ്മഹലിന്റെ തികച്ചും കൃത്യമായ പകർപ്പാണ്,” എന്ന് ചൗക്‌സെ വെളിപ്പെടുത്തുന്നു.
വീടിന്റെ പുറംഭാഗം പൂർണ്ണമായും ശുഭ്രവസ്ത്രമണിഞ്ഞതുപോലെ വെളുത്ത നിറത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചുറ്റും മനോഹരമായി വെട്ടിനിർത്തിയ പുൽത്തകിടിയും പച്ചപ്പുനിറഞ്ഞ പൂന്തോട്ടവുമുണ്ട്. പ്രധാന മകുടവും അതിന് ചുറ്റുമുള്ള നാല് വലിയ തൂണുകളും, മനോഹരമായ ആർച്ചുകളും ജാലി വർക്കുകളും കൊണ്ട് അലങ്കരിച്ച കവാടവുമെല്ലാം താജ്മഹലിന്റെ ബാഹ്യരൂപത്തിലെ എല്ലാ ഘടകങ്ങളെയും ഓർമ്മിപ്പിക്കുന്നു.
24 അടി ഉയരമുള്ള ഡബിൾ സീലിങ്ങാണ് ഈ വീടിന്റെ പ്രധാന ആകർഷണം. സിനിമാ സെറ്റുകളെ ഓർമ്മിപ്പിക്കുന്ന ഇരട്ട ഗോവണികളും മാർബിളും ടൈലുകളും ചേർന്ന വെള്ള പശ്ചാത്തലവും വീടിന് പൂർണ്ണമായും ഒരു രാജകീയ പ്രൗഢിയാണ് നൽകുന്നത്. ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന വലിയ സോഫകളും മനോഹരമായ ഡൈനിങ് ടേബിളും, പ്രകൃതിദത്തമായ വെളിച്ചം കടക്കാൻ സീലിങ്ങിനോട് ചേർന്ന് പ്രത്യേകമായി നിർമ്മിച്ച വലിയ ജനാലകൾ, ചുമരുകളിലെ വെയിൻസ്‌കോട്ടിങ്, ആകർഷകമായ ചിത്രങ്ങൾ, ലൈറ്റിങ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
പ്രണയത്തിന്റെ ഉദാത്തമായ പ്രതീകമായി മാറിയ ഈ വീട് സോഷ്യൽ മീഡിയയിൽ മുൻപും പല തവണ വൈറലായിട്ടുണ്ട്.