ചിട്ടിപ്പണം നഷ്ടപ്പെട്ടുവെന്ന് വരുത്തി തീർക്കാൻ വ്യാജമൊഴി നൽകിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം:ചിട്ടിപ്പണം നഷ്ടപ്പെട്ടുവെന്ന് വരുത്തി തീർക്കാൻ വ്യാജമൊഴി നൽകിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊല്ലം അഞ്ചാലുമൂട് കാഞ്ഞാവെളി ബംഗ്ലാവിൽ കിഴക്കതിൽ വീട്ടിൽ സലീമിനെ (49 )യാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ അത്തച്ചിട്ടി നടത്തിയിരുന്ന സലീമിന്റെ കൈവശമുണ്ടായിരുന്ന 9,90,000 രൂപയോളം ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 20ന് ചിട്ടി അംഗങ്ങൾക്ക് നൽകേണ്ടതായിരുന്നു.ഈ തുക കൈയിൽ ഇല്ലാത്തതിനാൽ പണം നഷ്ടപ്പെട്ടതായി വരുത്തി തീർക്കാൻ പൊലീസിൽ വ്യാജ മൊഴി നൽകുകയായിരുന്നു

ആഗസ്റ്റ് 18 ന് നീണ്ടകരയിൽനിന്ന് സി.എൻ.ജി. നിറച്ച് മടങ്ങുന്നതിനിടെ രാത്രി ഒൻപതോടെ നീണ്ടകര പാലത്തിന് സമീപത്തുനിന്ന് ഒരു യുവതിയും രണ്ട് യുവാക്കളും വർക്കലയിലേക്ക് പോകാൻ ഓട്ടോയിൽ കയറിയെന്നും യാത്രയ്ക്കിടെ അപകടഭീതി തോന്നിയതിനെ തുടർന്ന് സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയും ലൈവ് ലൊക്കേഷൻ പങ്കുവെക്കുകയും ചെയ്തെന്നും ഇയാൾ പറഞ്ഞു. എന്നാൽ, സംഘത്തിലുണ്ടായിരുന്ന ഒരാൾ ഫോണിൽ ചാർജില്ലെന്ന വ്യാജേന ഫോൺ വാങ്ങി ലൈവ് ലൊക്കേഷൻ നീക്കം ചെയ്തതായും നാവായിക്കുളം 28-ാം മൈലിന് സമീപമെത്തിയപ്പോൾ പിൻസീറ്റിലുണ്ടായിരുന്നയാൾ തന്റെ കഴുത്തിലും തൊണ്ടയിലും മുറുക്കിപ്പിടിച്ചെന്നും മറ്റൊരാൾ ഓട്ടോയുടെ നിയന്ത്രണം ഏറ്റെടുത്തെന്നും തുടർന്ന് തന്നെ ഓട്ടോയിൽനിന്ന് വലിച്ചിറക്കി മർദ്ദിച്ച് ബോധരഹിതനാക്കിയശേഷം പണവുമായി സംഘം കടന്നുകളഞ്ഞെന്നുമായിരുന്നു മൊഴി.

എന്നാൽ മൊഴിയിൽ സംശയം തോന്നിയ പൊലീസ് സംഘം സലീം പറഞ്ഞ വഴിയിലെയും 28-ാം മൈലിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണത്തിലൂടെയും ഓട്ടോയിൽ സലീം മാത്രമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായതോടെയാണ് കള്ളക്കഥ പൊളിഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും വ്യാജമൊഴി നൽകി അന്വേഷണത്തിന് സമയം നഷ്ടപ്പെടുത്തുകയും ചെയ്തതിനാണ് നിലവിൽ സലീമിനെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.