കേരളത്തിന്റെ ഐടി തലസ്ഥാനത്ത് പുത്തൻ സ്വകാര്യ ഐടി പാർക്ക് വരുന്നു


സംസ്ഥാനത്തിന്റെ ഐടി രംഗത്ത് പുതിയ നാഴികക്കല്ലാകാൻ ലക്ഷ്യമിട്ട്, തിരുവനന്തപുരം ജില്ലയിലെ എൻഎച്ച്-66 തോന്നയ്ക്കൽ മേഖലയിൽ AscendEdge Global Technology Park എന്ന പേരിൽ സ്വകാര്യ ഐടി പാർക്ക് സ്ഥാപിക്കാനുള്ള നിർദേശം കേരള സർക്കാരിന് സമർപ്പിച്ചു. ടെക്നോപാർക്കിന്റെ വളർച്ചയ്ക്ക് പൂരകമായി പ്രവർത്തിക്കുന്ന സ്വകാര്യ ടെക്നോളജി ഹബ്ബായി പദ്ധതിയെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഐടി, ഐടിഇഎസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സൈബർ സുരക്ഷ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, SaaS, ഗ്ലോബൽ കപ്പബിലിറ്റി സെന്ററുകൾ (GCC), സ്റ്റാർട്ടപ്പുകൾ, എഞ്ചിനീയറിംഗ് ടെക്നോളജി സ്ഥാപനങ്ങൾ എന്നിവയെ ആകർഷിക്കുന്ന ആധുനിക ടെക്നോളജി ക്യാമ്പസായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്ലഗ്-ആൻഡ്-പ്ലേ ഓഫീസ് സ്പേസുകൾ, ഇന്നൊവേഷൻ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ, AI & Cybersecurity Centre of Excellence, ഹരിത അടിസ്ഥാന സൗകര്യങ്ങൾ, പൊതുസൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും.

പദ്ധതി സർക്കാർ അംഗീകാരത്തോടെയോ ടെക്നോപാർക്കുമായി അഫിലിയേറ്റഡ് സ്വകാര്യ ഐടി പാർക്ക് മോഡലിലോ വികസിപ്പിക്കാനുള്ള സാധ്യതയാണ് കോൺസെപ്റ്റ് നോട്ടിൽ മുന്നോട്ടുവെക്കുന്നത്. ഇതോടൊപ്പം നയപരമായ മാർഗനിർദേശം, സിംഗിൾ വിൻഡോ ക്ലിയറൻസ്, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയ്ക്കുള്ള സർക്കാർ പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകോത്തര സാങ്കേതിക കമ്പനികളെയും ഗ്ലോബൽ കപ്പബിലിറ്റി സെന്ററുകളെയും കേരളത്തിലേക്ക് ആകർഷിക്കുന്നതിനൊപ്പം, ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ഐടി കയറ്റുമതി വർധിപ്പിക്കാനും, വടക്കൻ തിരുവനന്തപുരം മേഖലയെ പുതിയ ഐടി വളർച്ചാ കേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കോൺസെപ്റ്റ് നോട്ടിൽ വ്യക്തമാക്കുന്നു.

ആദ്യഘട്ടത്തിൽ സർക്കാർ തല ചർച്ചകൾ, ഭൂമി കണ്ടെത്തൽ, സാധ്യതാ പഠനം, വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കൽ, നിക്ഷേപകരെയും ആങ്കർ കമ്പനികളെയും കണ്ടെത്തൽ എന്നിവ പൂർത്തിയാക്കിയ ശേഷമായിരിക്കും പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുക.

തിരുവനന്തപുരത്തെ ആറാമത്തെ ഐടി ക്യാമ്പസ്‌ ആയി തോന്നായ്ക്കലിലെ ഈ പുതിയ ഐടി പാർക്ക് മാറും.

നിലവിലുള്ള മറ്റ് ഐടി ക്യാമ്പസുകൾ:

1.  ടെക്നോപാർക്ക് ഒന്നാം ഘട്ടം, കഴക്കൂട്ടം & കാര്യാവട്ടം 
2.  ടെക്നോപാർക്ക് രണ്ടാം ഘട്ടം - ആക്കുളം 
3.  ടെക്നോപാർക്ക് മൂന്നാം ഘട്ടം - കുളത്തൂർ 
4.  ടെക്നോസിറ്റി - പള്ളിപ്പുറം & മംഗലപുരം 
5.  കിൻഫ്ര ഐടി സെസ് - ചന്തവിള