. യുഎഇയിലെ റാസൽഖൈമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കൊല്ലം പരവൂർ സ്വദേശിനിയായ പൂജ, വിമാനം പറന്നുയർന്ന് അല്പം കഴിഞ്ഞപ്പോഴാണ് അടിയന്തര വൈദ്യസഹായം തേടിയുള്ള അനൗൺസ്മെന്റ് കേട്ടയുടനെ, പൂജ ക്യാബിൻ ക്രൂവിന് അരികിലേക്ക് ഓടിയെത്തിയത്.
ചികിത്സ കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു വനിതാ യാത്രക്കാരിക്ക് വിമാനത്തിനുള്ളിൽ വെച്ച് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും അവർ പൂർണ്ണമായും ബോധം കെടുന്ന അവസ്ഥയിൽ എത്തുകയുമായിരുന്നു.
പൂജ ഉടൻ തന്നെ അവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകുകയും തട്ടിവിളിച്ച് ഉണർത്തി വെള്ളം കൊടുക്കുകയും ചെയ്തു
. കടുത്ത ഭയം കാരണം ആ സ്ത്രീ തണുത്തുവിറയ്ക്കാൻ തുടങ്ങിയപ്പോൾ ക്യാബിൻ ക്രൂവിന്റെ സഹായത്തോടെ അവരുടെ കൈകാലുകൾ തിരുമ്മി ചൂടാക്കാനും മാനസികമായി ധൈര്യം പകരാനും പൂജ പ്രത്യേകം ശ്രദ്ധിച്ചു.
യാത്രാക്കാരിയുടെ അവസ്ഥ കണ്ട് വിമാനം മറ്റേതെങ്കിലും വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കണോ എന്ന് ക്യാബിൻ ക്രൂ ആശങ്കപ്പെട്ടെങ്കിലും ,തന്റെ പ്രൊഫഷണൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൂജ ധൈര്യപൂർവ്വം അതിന്റെ ആവശ്യമില്ലെന്ന് നിർദ്ദേശിക്കുകയായിരുന്നു ..
വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് പൂജ വീണ്ടും ആ യാത്രക്കാരിയുടെ അടുത്തെത്തി സുഖവിവരങ്ങൾ അന്വേഷിച്ചു. ആ സമയത്ത് ഭയമെല്ലാം മാറി ആ മുഖത്തുണ്ടായ ആശ്വാസച്ചിരിയും തന്നെ ചേർത്തുപിടിച്ച് അവർ പറഞ്ഞ നന്ദിയുമാണ് ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് പൂജ വിനയത്തോടെ ഓർക്കുന്നു.
വിമാനത്തിനുള്ളിൽ വെച്ച് തന്നെ താങ്ക്സ് കാർഡ് സമ്മാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും ഈ മലയാളി നഴ്സിനെ ആദരിച്ചു.
സ്വന്തം സൗകര്യങ്ങൾ മാറ്റിവെച്ച് സഹയാത്രികയുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന പൂജ ഇപ്പോൾ സോഷ്യൽ മീഡിയ യിലും വൈറൽ ആണ്
