മത്സ്യം കഴിച്ച് വിഷബാധ: തിരുവനന്തപുരത്ത് നിരവധിപേർ ചികിത്സയിൽ

മത്സ്യം കഴിച്ച നിരവധി പേർ ചികിത്സ തേടി. തിരുവനന്തപുരം ആര്യനാട് ഗ്രാമീണ മേഖലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 25ൽ അധികം പേരാണ് മത്സ്യം കഴിച്ച് വിഷ ബാധയേറ്റ് ചികിത്സയിലുള്ളത്. ഇതിന് പിന്നാലെയാണ് ഉഴമലയ്ക്കൽ ചാരും മൂട്ടിൽ മത്സ്യം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷ ബാധയേറ്റ് ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സ തേടിയ സംഭവം പ്രദേശത്ത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതിൽ പത്ത് വയസിന് താഴെയുള്ള കുട്ടികളും ചികിത്സയിലാണ്. എന്നാൽ ഭക്ഷ്യ വിഷ ബാധയേറ്റവരുടെ കണക്ക് ഇതിലും കൂടുമെന്നാണ് സൂചന. പലരും എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ചികിത്സ തേടിയവരും ഉണ്ട്.

സംഭവത്തിന് പിന്നാലെ ആര്യനാട് മത്സ്യ മാർക്കറ്റിലൂടെ എത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കകളും ഉയരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മത്സ്യം വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണിത്. പഴകിയ മത്സ്യമാണോ വിപണിയിൽ എത്തുന്നതെന്ന പരിശോധന പോലും ഇല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ദിവസവും നൂറുകണക്കിന് കണ്ടെയ്‌നറുകളാണ് ആര്യനാട് മത്സ്യ മാർക്കറ്റിൽ എത്തുന്നത്. ഇവിടെ നിന്നും ഗുഡ്‌സ് ഓട്ടോകളിലാണ് ജില്ലയുടെ പല ഭാഗങ്ങളിൽ മത്സ്യം വിൽപ്പനയ്ക്കായി എത്തിക്കുന്നത്.