ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവരാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തിനുള്ളിൽ ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവരാൻ ശ്രമിച്ച പൂജാരി അറസ്റ്റിലായി. ഇലവുംതിട്ട ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരിയും ഇലന്തൂർ പൂക്കോട് മെട്ടയിൽ വീട്ടുപേരിൽ താമസക്കാരനുമായ എം.പി ബിജുമോനാണ് (52) ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ കഴകം ജോലി ചെയ്യുന്ന വിജയമ്മയുടെ (63) മാലയാണ് ഇയാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.

വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. വിജയമ്മ ക്ഷേത്രത്തിനകം വൃത്തിയാക്കുന്നതിനിടെ ബിജുമോൻ ബൈക്കിലെത്തുകയായിരുന്നു. ക്ഷേത്രത്തിൽനിന്ന് മാറി ബൈക്ക് പാർക്ക് ചെയ്തശേഷം സമീപത്തെ റബർ തോട്ടത്തിലൂടെ എത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. പട്ടുടയാടയിൽ മുളകുപൊടിയിട്ട് വിജയമ്മയുടെ മുഖത്ത് അമർത്തിപ്പിടിക്കുകയും ശ്വാസം മുട്ടിച്ച് മാല കവരാൻ ശ്രമിക്കുകയുമായിരുന്നു.