കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണം.
ഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി നിരന്തരം രംഗത്ത് വന്നിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകൾ നിലവിലുണ്ട്