നെടുമങ്ങാട്: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നെടുമങ്ങാട് വേങ്കവിള സ്വദേശി അഖിൽ എ.ജെ (33) ആണ് മരിച്ചത്.
വാമനപുരം നദിയിലെ ചെല്ലഞ്ചിപ്പാലത്തിന് സമീപം സപ്തപുരത്ത് കുള്ളിക്കടവിലായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം എത്തിയ അഖിൽ, കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസും വിതുര ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
രാവിലെ 10:30-ഓടെയാണ് അപകടം സംഭവിച്ചത്. മലയോര മേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് വാമനപുരം നദിയിൽ കുത്തൊഴുക്കും നീരൊഴുക്കും ശക്തമായിരുന്നു.