കാഠ്‌മണ്ഡു: നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടം. മലവെള്ളപ്പാച്ചിലിൽ എട്ടു പേരുടെ മരണം സ്ഥിരീകരിച്ചു. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. ടിബറ്റൻ അതിർത്തിയിൽനിന്ന് കുത്തിയൊലിച്ചെത്തിയ ചെളിവെള്ളമാണ് നേപ്പാളിൽ നാശം വിതച്ചത്. നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നാണ് എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്.
രസുവ ജില്ലയിൽനിന്ന് 26 നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥരെയും സായുധ പൊലീസ് സേനയിലെ (എപിഎഫ്) ഏഴുപേരെയും കാണാതായിട്ടുണ്ട്. വടക്കൻ ജില്ലകളിൽ ഗ്രാമങ്ങളടക്കം പ്രളയത്തിൽ ഒലിച്ചുപോയി. ദുരന്തമേഖലകളിൽ നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രളയത്തിൽ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി അറിയിച്ചു. രസുവഗഡി, ചിലിമെ, തൃശൂലി 3എ, തൃശൂലി 3ബി ഹബ്, തൃശൂലി, ദേവിഘട്ട് ഹൈഡ്രോപവർ സ്റ്റേഷനുകളെയാണ് പ്രളയം ബാധിച്ചത്. സുരക്ഷ മുൻനിർത്തി ഭൂരിഭാഗം ദേശീയപാതകളും അടച്ചു. നദീതീരങ്ങളിൽ ഉള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി.
സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചു. മെഡിക്കൽ സംഘം, റെഡ് ക്രോസ്, സ്കൗട്ട്സ് എന്നിവരുമായി ഏകോപിപ്പിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി അദ്ദേഹം അറിയിച്ചു.
ടിബറ്റിൽനിന്ന് ഉദ്ഭവിച്ച് തൃശൂലി നദിയിലേക്ക് ഒഴുകിയെത്തുന്ന ഭോട്ടെ കോശി പിന്നീട് ഇന്ത്യയിൽ ഗണ്ഡക് നദിയായാണ് മാറുന്നത്. കഴിഞ്ഞ വർഷവും ഈ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒൻപത് പേർ മരിക്കുകയും നേപ്പാൾ-ചൈന ‘ഫ്രണ്ട്ഷിപ് ബ്രിഡ്ജ്’ തകരുകയും ചെയ്തിരുന്നു.