‘എനർജി ഡ്രിങ്ക്’ എന്ന വിഭാഗത്തിന് ഇന്ത്യൻ ഭക്ഷ്യ മാനദണ്ഡങ്ങളിൽ വ്യക്തമായ നിർവചനമില്ലെന്നും അതിനാൽ ഇത്തരം പാനീയങ്ങളെ ആ പേരിൽ ലേബൽ ചെയ്യുന്നത് ചട്ടലംഘനമാണെന്നുമാണ് എഫ്എസ്എസ്എഐയുടെ നിലപാട്. ജൂലൈയിലാണ് കമ്പനികൾക്ക് 90 ദിവസത്തിനകം ലേബലിൽനിന്ന് ‘എനർജി ഡ്രിങ്ക്’ എന്നതും സമാനമായ വിശേഷണങ്ങളും നീക്കാൻ നിർദേശം നൽകിയത്.
റെഡ്ബുൾ, സ്റ്റിങ്, അഡ്രിനാലിൻ റഷ് എന്നിവയ്ക്ക് പുറമെ റിലയൻസിന്റെ കാംപ എനർജി ഡ്രിങ്ക്, ഹെൽ എനർജി, കൊക്കകോളയുടെ മോൺസ്റ്റർ എനർജി എന്നിവയ്ക്കും നോട്ടീസ് നൽകിയിരുന്നു. പെപ്‌സികോ, റെഡ്ബുൾ, മോൺസ്റ്റർ ബെവറേജ്, റിലയൻസ് എന്നീ കമ്പനികളാണ് ലേബൽ മാറ്റത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടത്.
വിപണിയിൽ നിലവിൽ വലിയ തോതിൽ ഉൽപ്പന്നങ്ങൾ സ്റ്റോക്കുണ്ടെന്നും ഇറക്കുമതി ചെയ്ത കാനുകൾ ഉൾപ്പെടെ പുതിയ സ്റ്റോക്കുകൾ എത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ കുറഞ്ഞത് ഒരു വർഷത്തെ സമയം ആവശ്യപ്പെട്ടത്. എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ നിലവിലെ സ്റ്റോക്ക് 60 മുതൽ 90 ദിവസത്തിനുള്ളിൽ വിറ്റഴിക്കാൻ കഴിയുമെന്നാണ് സംസ്ഥാനങ്ങൾ അറിയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
എന്തുകൊണ്ടാണ് നടപടി?
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്നതടക്കമുള്ള കാരണങ്ങളാണ് നടപടിക്ക് പിന്നിൽ. ‘ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും’, ‘ഏകാഗ്രത വർധിപ്പിക്കും’, ‘ഊർജസ്വലത ഉയർത്തും’, ‘ക്ഷീണം കുറയ്ക്കാൻ സഹായിക്കും’ തുടങ്ങിയ അവകാശവാദങ്ങൾ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഉന്നയിക്കുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അനുവദനീയമല്ലെന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നത്.
അമിതമായ അളവിൽ പഞ്ചസാരയും കഫീനും അടങ്ങിയ പാനീയങ്ങൾ ‘എനർജി ഡ്രിങ്ക്’ എന്ന ലേബലിൽ വിപണിയിലെത്തുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില ഉൽപ്പന്നങ്ങളിൽ ഒരു ദിവസം ഒന്നിലധികം തവണ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
എഫ്എസ്എസ്എഐയുടെ നിർദേശം നടപ്പാകുന്നതോടെ ബന്ധപ്പെട്ട ബ്രാൻഡുകൾക്ക് പാക്കേജിങ്, ലേബൽ എന്നിവയിൽ മാറ്റം വരുത്തേണ്ടിവരും.