സവാളയോ അതോ തങ്കമോ? കിലോയ്ക്ക് 80 രൂപ കടന്നു

ഓണം കഴിഞ്ഞിട്ടും സംസ്ഥാനത്ത് സവാള വില താഴുന്നില്ല. ചില്ലറ വിപണിയിൽ സവാള വില കിലോയ്ക്ക് 80 മുതൽ 85 രൂപ വരെ ഉയർന്നത് സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുകയാണ്. മലയാളിക്ക് ദിവസേനയുള്ള പാചകത്തിലും ഹോട്ടലുകളിലും കാറ്ററിങ് മേഖലയിലും സവാള അത്യന്താപേക്ഷിതമായതിനാൽ ഈ വിലക്കയറ്റം വലിയ തിരിച്ചടിയായിട്ടുണ്ട്.
കോഴിക്കോട് പാളയം മാർക്കറ്റ് അടക്കമുള്ള പ്രധാന വിപണികളിൽ സവാളയുടെ മൊത്തവില 50 മുതൽ 55 രൂപ വരെയാണ്. എന്നാൽ ഗതാഗതച്ചെലവും ഇടനിലക്കാരുടെ ലാഭവിഹിതവും ചേരുമ്പോൾ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ വില 80 രൂപയ്ക്ക് മുകളിലെത്തുന്നു.

സവാള ഉൽപ്പാദിപ്പിക്കുന്ന മഹാരാഷ്ട്ര ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും വിളനാശവുമാണ് പ്രധാന കാരണം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പെയ്ത അസമയത്തെ മഴ ഉൽപ്പാദനത്തെ സാരമായി ബാധിച്ചു. ജൂൺ, ജൂലൈ മാസങ്ങളിലെ കടുത്ത ചൂടും ഈർപ്പവും കാരണം ഫംഗസ് ബാധിച്ച് സംഭരിച്ചു വെച്ചിരുന്ന സവാള വൻതോതിൽ അഴുകി നശിച്ചു. സാധാരണയായി 25 ശതമാനത്തോളം സവാള കേടാകാറുണ്ടെങ്കിൽ, ഇത്തവണ ഇത് 35 മുതൽ 40 ശതമാനം വരെയായി ഉയർന്നു.

പ്രമുഖ വിപണിയായ പൂനെ എ.പി.എം.സി മാർക്കറ്റിലേക്ക് പ്രതിദിനം 125 ട്രക്ക് സവാള എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 40-50 ട്രക്കുകൾ മാത്രമാണ് വരുന്നത്.വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഇടനിലക്കാരുടെ അമിത ലാഭമെടുക്കൽ എന്നിവയും വിലക്കയറ്റത്തിന് ആക്കം കൂട്ടി.
നിലവിലുള്ള പഴയ സ്റ്റോക്ക് തീരുന്നതോടെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സവാള വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.