പൂന്താനത്തിന്റെ ഭക്തിനിര്‍ഭരമായ വരികള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഗുരുവായൂര്‍ ക്ഷേത്രസന്നിധി ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് വിവാഹദിനത്തിന് സാക്ഷിയാകുന്നു. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായ ഇന്നലെ 437 വിവാഹങ്ങളാണ് ഗുരുവായൂരിലെ മണ്ഡപങ്ങളില്‍ വച്ച് നടക്കുന്നത്. ക്ഷേത്ര ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം വിവാഹങ്ങള്‍ക്ക് ശ്രീ കൃഷ്ണ സന്നിധി വേദിയാകുന്നത്. പുലര്‍ച്ചെ നാല് മണി മുതല്‍ തന്നെ ക്ഷേത്രത്തിലെ പ്രത്യേക സജ്ജമാക്കിയ ആറ് വിവാഹ മണ്ഡപങ്ങളിലായി മംഗല്യച്ചടങ്ങുകള്‍ക്ക് തുടക്കമായി.
ഭക്തജന തിരക്ക് പൂര്‍ണ്ണമായും നിയന്ത്രിച്ചുകൊണ്ട് വളരെ വേഗത്തിലാണ് വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നത്. നേരത്തെ 2024 സെപ്റ്റംബര്‍ എട്ടിനായിരുന്നു ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്നതെന്ന റെക്കോര്‍ഡ് നിലനിന്നിരുന്നത്. അന്ന് 354 വിവാഹങ്ങളായിരുന്നു ഇവിടെ നടന്നതെങ്കില്‍, ആ സംഖ്യയെ വലിയ തോതില്‍ മറികടന്നാണ് ഇത്തവണത്തെ പുതിയ റെക്കോര്‍ഡ് നേട്ടം ഉണ്ടായിരിക്കുന്നത്. പുലര്‍ച്ചെ കൃത്യം നാല് മണിക്ക് മംഗളവാദ്യങ്ങളുടെ മനോഹരമായ അകമ്പടിയോടെ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ആര്‍ണവ് മോഹന്‍ കുമാര്‍, പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാര്‍ത്തിയതോടെയാണ് ഈ ചരിത്ര ദിനത്തിലെ ആദ്യ വിവാഹം പൂര്‍ത്തിയായത്.
തുടര്‍ന്ന് പുലര്‍ച്ചെ 4.10 ഓടെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെ എല്ലാ മണ്ഡപങ്ങളിലും ചടങ്ങുകള്‍ ഔദ്യോഗികമായി ആരംഭിക്കുകയായിരുന്നു. മറ്റ് അഞ്ച് മണ്ഡപങ്ങളിലും ഒരേ സമയം പരോഹിതരുടെ കാര്‍മ്മികത്വത്തില്‍ താലികെട്ടുകള്‍ നടന്നു. ഏറെ കൃത്യതയോടെ മുന്‍കൂട്ടി നല്‍കിയ ടോക്കണ്‍ നമ്പര്‍ അനുസരിച്ചാണ് വിവാഹങ്ങള്‍ തടസ്സമില്ലാതെ പുരോഗമിക്കുന്നത്. ടോക്കണ്‍ അടിസ്ഥാനത്തില്‍ ഊഴമനുസരിച്ച് ആളുകളെ മണ്ഡപത്തിലേക്ക് വിളിക്കുകയും, ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ എത്രയും വേഗം വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്ന ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
ഇത്തരത്തില്‍ വന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത് കാരണം വിവാഹങ്ങള്‍ തുടങ്ങിയ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 137 വിവാഹങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ക്ഷേത്ര അധികൃതര്‍ക്ക് സാധിച്ചു. വിവാഹത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുംc എത്തിച്ചേര്‍ന്ന ബന്ധുമിത്രാദികളുടെയും, സാധാരണ ക്ഷേത്രദര്‍ശനത്തിനായി എത്തിയ ഭക്തജനങ്ങളുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍ പോലീസിനെയും ക്ഷേത്ര ജീവനക്കാരെയും വലിയ തോതില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് വ്യക്തമാക്കി.
വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും വിവാഹ ചടങ്ങുകളും സാധാരണക്കാരായ ഭക്തരുടെ ക്ഷേത്ര ദര്‍ശനവും യാതൊരു തടസ്സവുമില്ലാതെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ വിവാഹത്തിനെത്തിയ ബന്ധുക്കളും ഭക്തരും വലിയ രീതിയില്‍ സഹകരിക്കുന്നുണ്ടെന്ന് ദേവസ്വം ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയും ശുഭമുഹൂര്‍ത്തവും ഒത്തുവന്നതോടെയാണ് ഗുരുവായൂരില്‍ ഇത്രയധികം വിവാഹങ്ങള്‍ ഒറ്റദിവസം നടക്കാന്‍ കാരണം. ക്ഷേത്രത്തില്‍ എത്തിയ എല്ലാവര്‍ക്കും തടസ്സമില്ലാതെ ദര്‍ശനം നടത്താനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡും പോലീസും ചേര്‍ന്നാണ് ഏകോപിപ്പിച്ചത്.