പ്രേമലു 2 ഉപേക്ഷിച്ചതിനെച്ചൊല്ലി നസ്ലൻ ഗിരീഷ് എഡി ആരാധകർ തമ്മിൽ സൈബർ പോര്

മെഗാ ഹിറ്റ് ചിത്രമായ പ്രേമലുവിന്റെ രണ്ടാം ഭാഗം നടക്കാതെ പോയതിനെച്ചൊല്ലി നടൻ നസ്ലൻ ഗഫൂറിന്റെയും സംവിധായകൻ ഗിരീഷ് എഡിയുടെയും ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ വാക്പോര് മുറുകുന്നു. ഗിരീഷ് എഡി സംവിധാനം ചെയ്ത പുതിയ ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് വൻ വിജയമായതിനു പിന്നാലെയാണ് പ്രേമലു 2 വീണ്ടും ചർച്ചയാകുന്നത്. നായകനായ നസ്ലന് തിരക്കഥ ഇഷ്ടമാകാത്തതാണ് പ്രൊജക്ട് ഉപേക്ഷിക്കാൻ കാരണമെന്ന വാർത്തകൾക്കിടെയാണ് നിലവിലെ വിവാദം. നസ്ലൻ അഭിനയിക്കാത്ത ഗിരീഷിന്റെ ആദ്യത്തെ ചിത്രം കൂടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഗിരീഷ് എഡി മാധ്യമപ്രവർത്തകൻ മനീഷ് നാരായണന് നൽകിയ സുദീർഘമായ അഭിമുഖത്തിൽ പ്രേമലു 2 ഉപേക്ഷിച്ചതിനെ കുറിച്ച് സംസാരിച്ചിരുന്നു. വൻ വിജയമായ പ്രേമലുവിന്റെ രണ്ടാം ഭാഗത്തിന് വലിയ സാധ്യത ഉണ്ടായിരുന്നുവെന്നും അത് ഇരട്ടി അടിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും ഗിരീഷ് പറഞ്ഞു. ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള അഭിമുഖത്തിൽ ഒരിടത്തുപോലും നസ്ലനെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും, തന്നോട് ചിലർ മോശമായി പെരുമാറുന്നത് വളരെ വൈകിയാണ് ശ്രദ്ധിച്ചതെന്നും ചിലരുടെ ഓവർ ആംബീഷന് നിന്നു കൊടുക്കേണ്ട കാര്യമില്ലെന്നും സംവിധായകൻ തുറന്നടിച്ചു.

ആർജെ റാഫിയുമായുള്ള മറ്റൊരു അഭിമുഖത്തിൽ, പ്രേമലു 2 എന്ന പ്രൊജക്ടിന് വേണ്ടി താനും ടീമും സഹിച്ച പ്രയാസങ്ങളും ഗിരീഷ് പങ്കുവെച്ചിരുന്നു. വലിയൊരു പടം പെട്ടെന്ന് വേണ്ടെന്ന് വെച്ചതിനു ശേഷം പുതിയൊരു ചിത്രത്തിനു വേണ്ടി ആദ്യംമുതൽ ഇരിക്കേണ്ടി വന്നത് ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രൊജക്ട് ഉപേക്ഷിച്ചതിനെ പറ്റി വളരെയേറെ പറയാനുണ്ടെന്നും, പുതിയ ചിത്രത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ അതേപ്പറ്റി പറയുന്നത് ശരിയല്ലാത്തതിനാൽ പിന്നീട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അഭിമുഖങ്ങൾ പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇരു വിഭാഗം ആരാധകരും തമ്മിൽ തർക്കം ഉടലെടുത്തത്. തനിക്ക് സിനിമയിൽ ആദ്യമായി അവസരം നൽകുകയും പ്രേമലു പോലൊരു നൂറ് കോടി ചിത്രം നൽകുകയും ചെയ്ത സംവിധായകനോട് നസ്ലൻ ചെയ്തത് മോശമായിപ്പോയി എന്നാണ് ഗിരീഷിന്റെ ആരാധകർ പറയുന്നത്. എന്നാൽ, മലയാള സിനിമയിൽ മുൻനിര താരമായി മാറിക്കഴിഞ്ഞ നസ്ലന്, തിരക്കഥ ഇഷ്ടമായില്ലെങ്കിൽ പിന്മാറാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നാണ് മറുപക്ഷത്തിന്റെ വാദം.