തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് പ്രശ്നം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക വാട്‌സ്ആപ്പ് ആപ്പ് മാത്രം ഉപയോഗിച്ചിരുന്നവരുടെ അക്കൗണ്ടുകൾക്കാണ് പ്രധാനമായതും പ്രവേശനം നിഷേധിക്കപ്പെട്ടത്. ആപ്പ് തുറക്കുമ്പോൾ "നിങ്ങളുടെ അക്കൗണ്ട് റിവ്യൂവിലാണ്, സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്, 24 മണിക്കൂറിനുള്ളിൽ മറുപടി നൽകും" എന്ന സന്ദേശമാണ് സ്ക്രീനിൽ കാണിക്കുന്നത്.
വ്യക്തിഗത ആവശ്യങ്ങൾക്കും തൊഴിൽപരമായ കാര്യങ്ങൾക്കും വാട്‌സ്ആപ്പിനെ പൂർണ്ണമായി ആശ്രയിക്കുന്ന ആളുകളാണ് അക്കൗണ്ട് പെട്ടെന്ന് പൂട്ടിയതോടെ വലഞ്ഞത്. തങ്ങൾക്ക് തെറ്റൊന്നും പറ്റിയിട്ടില്ലെന്നും അടിയന്തരമായി അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.