ലോകചരിത്രത്തിൽ മാനവികതയുടെയും സമത്വത്തിന്റെയും മഹത്തായ സന്ദേശം നൽകിയ യുഗപുരുഷനാണ് മുഹമ്മദ് നബി. അജ്ഞാനവും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന അറേബ്യൻ സമൂഹത്തിലേക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുതിയൊരു വെളിച്ചമായിട്ടാണ് അദ്ദേഹം കടന്നുവന്നത്. സ്വയം ഇരുട്ടിലായ ഒരു ജനതയെ വിജ്ഞാനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പാതയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ജാതി-വർണ്ണ വ്യത്യാസങ്ങൾക്കും വംശീയതയ്ക്കുമെതിരെ ഏറ്റവും ശക്തമായി ശബ്ദമുയർത്തിയ വിപ്ലവകാരിയായിരുന്നു പ്രവാചകർ. "ഒരു അറബിക്ക് അറബിയല്ലാത്തവനേക്കാളൊ, വെളുത്തവന് കറുത്തവനേക്കാളൊ യാതൊരു ശ്രേഷ്ഠതയുമില്ല; ദൈവഭയമാണ് ഒരാളുടെ ശ്രേഷ്ഠതയുടെ അളവുകോൽ" എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം വംശീയ അഹങ്കാരങ്ങളുടെ അടിത്തറയിളക്കി. കറുത്തവർഗ്ഗക്കാരനായ ബിലാലിനെ പള്ളിയിലെ ബാങ്ക് വിളിക്കാൻ ചുമതലപ്പെടുത്തിയതിലൂടെ സമത്വമെന്നത് വാക്കുകളിൽ മാത്രമല്ല, പ്രവർത്തിയിലാണ് കാണിക്കേണ്ടതെന്ന് അദ്ദേഹം തെളിയിച്ചു.
അനുകമ്പയുടെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവയായിരുന്നു അവിടുന്ന്. ശത്രുക്കളോട് പോലും ക്ഷമ കാണിക്കുകയും അനാഥരെയും നിർദ്ധനരെയും ചേർത്തുപിടിക്കുകയും ചെയ്തു. മൃഗങ്ങളോട് പോലും ദയ കാണിക്കണമെന്ന് പഠിപ്പിച്ച അവിടുത്തെ ജീവിതം കാരുണ്യത്തിന്റെ പൂർണ്ണരൂപമായിരുന്നു. അടിച്ചമർത്തപ്പെട്ടവർക്കും സ്ത്രീകൾക്കും അർഹമായ അവകാശങ്ങൾ വാങ്ങിനൽകാനും അദ്ദേഹത്തിന് സാധിച്ചു.
സാർവലൗകിക സഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശമാണ് പ്രവാചകൻ ലോകത്തിന് നൽകിയത്. കേവലം ഒരു മതനേതാവ് എന്നതിലുപരി, സഹജീവി സ്നേഹവും സാമൂഹിക നീതിയും ഉയർത്തിപ്പിടിച്ച പ്രവാചകന്റെ ജീവിതം ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയൊരു വഴികാട്ടിയാണ്..
നബിദിനാശംസകൾ മീഡിയ 16 ന്യൂസ്