അമ്മ ഉപേക്ഷിച്ചു, സ്നേഹിക്കാൻ ആരുമുണ്ടായില്ല, സ്പൈഡര്‍ സിനിമ കണ്ടതോടെ എല്ലാം തീരുമാനിച്ചു’; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് 13കാരി

ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി. തീരെ ചെറുപ്പത്തിലേ അമ്മ തന്നെ ഉപേക്ഷിച്ചുപോയതും സ്നേഹിക്കാൻ ആരുമില്ലാതിരുന്നതുമാണ് ഒടുവിൽ തന്നെ കൊലപാതകിയാക്കിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. താൻ ജനിച്ച് അധികം വൈകാതെ അമ്മ ബന്ധം വേർപെടുത്തി വിദേശത്തേക്ക് പോയെന്നും അവിടെ വെച്ച് പരിചയപ്പെട്ടയാളെ രണ്ടു വർഷം മുൻപ് വിവാഹം കഴിച്ചുവെന്നും കുട്ടി പറഞ്ഞു.

അമ്മയില്ലാത്തതിനാൽ ബന്ധുക്കളിൽ നിന്ന് അത്ര നല്ല അനുഭവമല്ല തനിക്കുണ്ടായതെന്നും ഇതിനാൽ പലവട്ടം വീട്ടിൽ നിന്ന് ഒളിച്ചോടിയെന്നും പെൺകുട്ടി കരഞ്ഞുകൊണ്ട് വ്യക്‌തമാക്കി. കൊല്ലം സ്വദേശിയായ അച്ഛന്റെ വീട്ടിലും അമ്മയുടെ മാതാപിതാക്കളുടെ പരവൂരിലുള്ള വീട്ടിലുമായാണ് ഏഴാം ക്ലാസ് വരെ പെൺകുട്ടി കഴിഞ്ഞത്. പുനർവിവാഹത്തോടെ അമ്മ താനുമായി പൂർണമായും അകന്നു. ഇതിനിടെ വളരെ അടുത്തബന്ധുവിൽ നിന്നുണ്ടായ മോശം പെരുമാറ്റവും കുട്ടിയുടെ മാനസികനിലയെ കടുപ്പത്തിൽ ബാധിച്ചുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

കൊലപാതകത്തിന് ശേഷം പിടിയിലായ പെൺകുട്ടി തുടക്കത്തിൽ യാതൊരു കൂസലുമില്ലാതെയാണ് പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നത്. മുത്തച്ഛൻ തന്റെ കാര്യങ്ങളിൽ അമിതമായി ഇടപെട്ടിരുന്നുവെന്നും ഫോൺ ഉപയോഗിക്കുന്നത് അടക്കം വിലക്കിയെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ കുടുംബത്തെക്കുറിച്ച് ചോദിച്ചതോടെ കുട്ടി പൊട്ടിക്കരയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആൺ സുഹൃത്തുക്കൾ കൂടുതലായി ഉണ്ടായതും വൈകി വീട്ടിലെത്തുന്നതും മുത്തച്ഛൻ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് ഇടയാക്കിയെന്നും പെൺകുട്ടി സമ്മതിച്ചു.

ഭക്ഷണത്തിൽ വിഷം കലർത്തി മുത്തച്ഛനെ കൊല്ലാനായിരുന്നു പെൺകുട്ടിയുടെ ആദ്യ പദ്ധതി. എന്നാൽ 2017-ൽ പുറത്തിറങ്ങിയ ‘സ്പൈഡർ’ എന്ന തമിഴ് സിനിമ കണ്ടതോടെ തലയിൽ കല്ലിട്ട് കൊല്ലാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് പെൺകുട്ടി ഉറപ്പുവരുത്തി. കൊലപാതകം നടന്ന ദിവസം വീടിന്റെ ഓടിളക്കിയെങ്കിലും മച്ച് കണ്ടതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടർന്നാണ് ‘പ്ലാൻ ബി’ നടപ്പിലാക്കിയതെന്നും പെൺകുട്ടി മൊഴി നൽകി.