മുത്തച്ഛൻ മോശമായി പെരുമാറി’; 13-കാരിയുടെ ക്വട്ടേഷനിൽ കൊലപാതകം: കൊച്ചുമകളും കാമുകനും ഉൾപ്പെടെ 4 പേർ പിടിയിൽ

ആലപ്പുഴ: കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിയായ കൊച്ചുമകൾ നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുമകൾ അടക്കം പ്രായപൂർത്തിയാകാത്ത നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചുമകളുടെ കാമുകനും (16) സുഹൃത്തുമാണ് (17) കൃത്യം നടത്തിയത്. മുത്തച്ഛൻ തന്നോട് മോശമായി പെരുമാറിയതിലുള്ള വൈരാഗ്യവും സ്വർണവും പണവും കവരലുമായിരുന്നു കൊലപാതകത്തിന് പിന്നിലെ പ്രധാന ഉദ്ദേശ്യമെന്ന് ആലപ്പുഴ എസ്പി ടി.കെ വിഷ്ണുപ്രദീപ് വ്യക്തമാക്കി. മകളുടെ പ്രസവ ആവശ്യത്തിനായി ഭാര്യ ആശുപത്രിയിലായിരുന്ന സമയത്ത് വീട്ടിനുള്ളിൽ ഒറ്റയ്ക്കായിരുന്ന ശിവൻകുട്ടിയെ ശനിയാഴ്ച രാത്രിയാണ് പ്രതികൾ കൊലപ്പെടുത്തിയത്.

കൈകാലുകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം. വെന്റിലേറ്ററിലൂടെ അകത്തുകടന്ന പ്രതികൾ അലമാര പൊളിച്ച് സ്വർണം കവരുകയും തെളിവ് നശിപ്പിക്കാൻ മുളകുപൊടി വിതറുകയും ചെയ്തു. സിനിമ കണ്ടുള്ള സ്വാധീനമാണ് ഈ രീതിയിൽ കൃത്യം നടത്താൻ പ്രചോദനമായത്. കൊലപാതകത്തിന് ശേഷം ദൃശ്യങ്ങൾ ഫോണിലൂടെ കൊച്ചുമകളെ കാണിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകളും ഫോൺ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കവർച്ച ചെയ്ത സ്വർണം പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. മുൻപും വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്ന കുടുംബത്തിലെ ഈ പെൺകുട്ടിയെ കാണാതായതായി മുൻപ് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.