സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കേരള തീരത്ത് ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. 

 
ഭാഗികമായി അവധി പ്രഖ്യാപിച്ച ഇടങ്ങൾ:  
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾ.  
വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ.  

ആലപ്പുഴ ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം പൂർണ്ണമായും വെള്ളത്തിനടിയിലാണ്. പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പത്തനംതിട്ടയിലെ പല വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പ്രളയം രൂക്ഷമായി ബാധിച്ച റാന്നി മേഖലയിൽ നിന്ന് ഇന്നലെയോടെ വെള്ളം പൂർണ്ണമായും ഒഴിഞ്ഞു. ഇവിടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
എന്നാൽ ആറന്മുള മേഖലയിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുകയാണ്. വിവിധ ക്യാമ്പുകളിലായി നിരവധിയാളുകൾ ഇപ്പോഴും കഴിയുന്നുണ്ട്.  
പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലും തുടർന്ന് റാന്നിയിലും ദുരന്തബാധിത മേഖലകളിൽ സന്ദർശനം നടത്തും.