കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 3 തിങ്കളാഴ്ച അവധി.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 3 തിങ്കളാഴ്ച അവധി. 10 ജില്ലകളിലെ എല്ലാവിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലയിലെ 2 താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുമാണ്  അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

1.പത്തനംതിട്ട  

കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും ജില്ലാ കലക്ടർ എ നിസാമുദ്ദീൻ  അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

2.കണ്ണൂർ 

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിച്ചു.
ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

3.കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
( ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല)

4.കാസർഗോഡ്

കാസർഗോഡ് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

5.വയനാട് 

ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകൾക്കും, റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ഓഗസ്റ്റ് 3ന് ശേഷം പുതിയ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുന്നതാണ്.

6.ഇടുക്കി

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്കൂളുകൾ, മദ്രസകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോഴ്സുകൾക്ക് അവധി ബാധകമല്ല.

7.കോട്ടയം

കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

8.മലപ്പുറം

ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.എസി. പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല.

9.തൃശ്ശൂർ

ജില്ലയില്‍ ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ക്യാമ്പുകൾ തുടരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേല്‍ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.

10.പാലക്കാട്

പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച (ആഗസ്റ്റ്‌ 3) ന് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു.മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണന്ന് ജില്ലാ കളക്‌ടർ കെ സുധീർ അറിയിച്ചു.

11.ആലപ്പുഴ ജില്ലയിൽ

 ചെങ്ങന്നൂർ,കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്  അവധി
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻ നിർത്തി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി
ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവായി.മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.