അച്ഛനെ കൊന്നത് അറിഞ്ഞ് നാടുവിട്ടു.. അനുജനെ കൊന്നപ്പോള്‍ ഗുണ്ടായായി; മൂന്ന് കൊലക്കേസ് അടക്കം 105 കേസുകളുമായി ഇറച്ചി ആല്‍ബിന്‍ വിലസി

അച്ഛനെ കൊന്നത് അറിഞ്ഞ് നാടുവിട്ടു.. അനുജനെ കൊന്നപ്പോള്‍ ഗുണ്ടായായി; മൂന്ന് കൊലക്കേസ് അടക്കം 105 കേസുകളുമായി ഇറച്ചി ആല്‍ബിന്‍ വിലസി; എതിരാളികള്‍ അരിഞ്ഞു വീഴ്ത്തിയിട്ടും തിരിച്ചു വന്നു; ഭാര്യ മേരിയുടെ സ്‌നേഹം ജീവിതം മാറ്റി മറിച്ചു; സാമൂഹിക സേവകനായി നാട്ടുകാരെ ഞെട്ടിച്ചു; പക്ഷേ വീണ്ടും ആല്‍ബിന്‍ അഴിക്കുള്ളില്‍; അതും ലൈംഗീകാധിക്ഷേപത്തിന്...... സ്വാതന്ത്ര ദിനത്തില്‍ ജയില്‍ മോചനം കിട്ടിയ ഇറച്ചി ആല്‍ബിന്‍ വീണ്ടും തടവറയില്‍; ഇതൊരു അസാധാരണ ജീവിത കഥ

ആലപ്പുഴ: കൊലപാതകമടക്കം 105 ക്രിമിനല്‍ കേസുകളില്‍ പ്രതിയായി നാടിനെ വിറപ്പിക്കുകയും പിന്നീട് മാനസാന്തരപ്പെട്ട് നൂറുകണക്കിന് അശരണര്‍ക്ക് തണലാവുകയും ചെയ്ത 'ഇറച്ചി ആല്‍ബിന്‍' എന്ന ആല്‍ബിന്‍ മാത്യു വീണ്ടും തടവറയിലേക്ക്. പുന്നപ്രയിലെ ശാന്തി ഭവന്‍ സര്‍വോദയ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകനായ ആല്‍ബിന്‍ മാത്യുവിനെ അഗതി മന്ദിരത്തിലെ ജീവനക്കാരി നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയിലാണ് ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

തനിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും പിന്നാലെ ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ശാന്തി ഭവനിലെ ജീവനക്കാരിയായ കഞ്ഞിപ്പാടം സ്വദേശിനിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. മാസങ്ങളായി തുടരുന്ന ലൈംഗികാധിക്ഷേപത്തിന്റെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണ റെക്കോര്‍ഡുകളും ഇവര്‍ പുറത്തുവിട്ടതോടെയാണ് ജീവകാരുണ്യ പ്രവര്‍ത്തകന്റെ മുഖംമൂടി അഴിഞ്ഞുവീണത്.

സംഭവത്തെക്കുറിച്ച് സ്ഥാപനത്തിലെ മാനേജരോട് പരാതിപ്പെട്ട ജീവനക്കാരിയെ പിന്തുണച്ചതിന്റെ പേരില്‍ മാനേജരെ ആല്‍ബിന്‍ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കൂടാതെ തനിക്കെതിരെ പരാതിപ്പെടാതിരിക്കാന്‍ പരാതിക്കാരിക്ക് മോഷണക്കുറ്റം ആരോപിച്ച് ഒരു ലക്ഷത്തോളം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിനും ഇയാള്‍ ശ്രമിച്ചതായി ആരോപണമുണ്ട്. ഇതിനെല്ലാം ഒടുവിലാണ് നഗ്‌നസത്യങ്ങള്‍ പുറത്തുവന്നതും പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതും.

ചോര മണക്കുന്ന ഭൂതകാലത്തില്‍ നിന്നും ദൈവകൃപയാലും ഭാര്യയുടെ സ്നേഹത്താലും രക്ഷപ്പെട്ട് സര്‍വോദയ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ 170-ഓളം അശരണരെ സംരക്ഷിച്ചിരുന്ന ഒരു മനുഷ്യന്റെ അവിശ്വസനീയമായ വീഴ്ചയാണ് ഈ അറസ്റ്റോടെ ദൃശ്യമാകുന്നത്. ജയില്‍ മോചിതനായി ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ ആല്‍ബിന്റെ ജീവിതം ഒരു സിനിമാക്കഥയെക്കാള്‍ ഉദ്വേഗജനകമായിരുന്നു.

ചേര്‍ത്തല തങ്കി കടപ്പുറത്ത് ജനിച്ചുവളര്‍ന്ന ആല്‍ബിന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവന്റെ ജീവിതം ആകെ തകിടം മറിയുന്നത്. സ്വന്തം അപ്പനെ ആരോ തല്ലിക്കൊന്ന് കടലില്‍ തള്ളിയ വാര്‍ത്ത കേട്ടാണ് അവന്‍ സ്‌കൂളില്‍ നിന്നിറങ്ങിയത്. മൂന്നാം ദിവസം അപ്പന്റെ മൃതദേഹം കരയ്ക്കടിഞ്ഞ കാഴ്ച കണ്ട്, കൈയിലിരുന്ന പാഠപുസ്തകങ്ങള്‍ കടലിലേക്ക് വലിച്ചെറിഞ്ഞ് നാടുവിടുമ്പോള്‍ ആല്‍ബിന്‍ എന്ന കൊച്ചുബാലന്റെ മനസ്സില്‍ പകയുടെയും സങ്കടത്തിന്റെയും കനലുകള്‍ എരിയുന്നുണ്ടായിരുന്നു.

പത്തൊമ്പത് വയസ്സുവരെ തൃശൂരും പരിസരങ്ങളിലും കൂലിവേല ചെയ്ത് ജീവിച്ച ആല്‍ബിന്‍ പിന്നീട് ആലപ്പുഴ തങ്കി കടപ്പുറത്ത് തിരിച്ചെത്തി. തുടര്‍ന്ന് ഐ.എം.എസ് ആശ്രമത്തില്‍ സഹായിയായും കയര്‍ ഫാക്ടറി ജീവനക്കാരനായും ജോലി നോക്കി. അധ്വാനശാലിയായ ഇയാളുടെ പെരുമാറ്റത്തില്‍ സന്തോഷം തോന്നിയ മുതലാളി സ്വന്തമായി ഒരു കൊച്ചുകൂര വെച്ചുനല്‍കുകയും, ഇരുപത്തൊന്നു വയസ്സില്‍ പാവപ്പെട്ട പെണ്‍കുട്ടിയായ മേരിയുമായി ആല്‍ബിന്റെ വിവാഹം നടക്കുകയും ചെയ്തു.

വളരെ സമാധാനപരമായി മുന്നോട്ടുപോയ ആല്‍ബിന്റെ ജീവിതത്തിലേക്ക് വീണ്ടും ദുരന്തമെത്തുന്നത് അനുജന്റെ രൂപത്തിലായിരുന്നു. അനുജനെ താന്‍ ജോലി ചെയ്യുന്ന ഫാക്ടറിയില്‍ തന്നെ ആല്‍ബിന്‍ ജോലിക്കു കയറ്റിയെങ്കിലും, അവന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും എതിര്‍പ്പുകള്‍ മറികടന്ന് കല്യാണം കഴിക്കുകയും ചെയ്തു. എന്നാല്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ, അനുജന്റെ ഭാര്യ ഒമ്പതുമാസം ഗര്‍ഭിണിയായിരിക്കെ ഉണ്ടായ വഴക്കിനെത്തുടര്‍ന്ന് ആരോ വന്ന് അനുജനെ വിളിച്ചിറക്കിക്കൊണ്ടുപോയി തല്ലിക്കൊന്നു.

പിറ്റേന്ന് രാവിലെ ജോലിക്ക് ചെല്ലുമ്പോള്‍ കമ്പനിപ്പടിക്കല്‍ കിടക്കുന്ന അനുജന്റെ ശവശരീരം കണ്ട ആല്‍ബിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അപ്പന്റെ അതേ ഗതി അനുജനും വന്നല്ലോ എന്നോര്‍ത്ത് സങ്കടം സഹിക്കാനാവാതെ മദ്യത്തില്‍ അഭയം പ്രാപിച്ച ഇയാള്‍, അനുജനെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ ആയുധവുമെടുത്ത് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. ഇതോടെ ആല്‍ബിന്‍ എന്ന സൗമ്യനായ ചെറുപ്പക്കാരന്‍ ഒരു മൃഗമായി മാറി.

പിന്നീട് അങ്ങോട്ട് കൊട്ടേഷന്‍ സംഘത്തലവനായും ക്രൂരനായ ഗുണ്ടയായും ആല്‍ബിന്‍ വളര്‍ന്നു. പുന്നപ്രയില്‍ ഒരു ഇറച്ചിക്കട തുടങ്ങിയ ഇയാള്‍ 'ഇറച്ചി ആല്‍ബിന്‍' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കൊലപാതകവും കൂലിത്തല്ലും അടക്കം 105 ക്രിമിനല്‍ കേസുകളാണ് ഇയാളുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് ഒരു ശവത്തിന് വേണ്ടിയും, പ്രദേശത്തെ രാഷ്ട്രീയക്കാരും മുതലാളിമാരും സ്വന്തം ആവശ്യങ്ങള്‍ക്കായും ആല്‍ബിനെ ഉപയോഗപ്പെടുത്തി.

പൊലീസിനെപ്പോലും ഭയമില്ലാതിരുന്ന ഇയാള്‍ തന്നോട് കളിച്ച കരുണാകരന്‍ എന്ന പോലീസുകാരനെ ക്വാര്‍ട്ടേഴ്‌സില്‍ കയറി വെട്ടുകയും, വടിവാളില്‍ പറ്റിപ്പിടിച്ച ചോര മദ്യത്തിലേക്ക് ഇറ്റിച്ച് കുടിക്കുകയും ചെയ്ത ക്രൂരത കാട്ടി. എപ്പോഴും ജയിലിലും ജാമ്യത്തിലുമായി കഴിഞ്ഞിരുന്ന ഇയാളുടെ പരോള്‍ കാലത്ത്, ഭാര്യ മേരി ഓലമെടഞ്ഞും ചകിരി പിരിച്ചുമാണ് മൂന്ന് മക്കളെ പട്ടിണിയില്ലാതെ വളര്‍ത്തിയത്. എത്ര ക്രൂരത ചെയ്താലും വീട്ടിലെത്തുമ്പോള്‍ ഭാര്യയുടെ കാലില്‍ വീണു പൊട്ടിക്കരയുന്ന ഒരു മനസ്സ് ഇയാള്‍ക്കെന്നുണ്ടായിരുന്നു.

ഒരിക്കല്‍ പുന്നപ്രയിലെ കള്ളുഷാപ്പില്‍ വെച്ച് ഉയര്‍ന്നുവന്ന 'പൊടിയന്‍' എന്ന എതിരാളി ഗുണ്ടയെ കുത്തിമലര്‍ത്തി, അയാള്‍ ചാകുന്നതുവരെ കാവലിരുന്ന ആല്‍ബിനെ വന്‍ പോലീസ് സന്നാഹമെത്തിയാണ് അറസ്റ്റ് ചെയ്തത്. തലമൊട്ടയടിച്ച്, പുരികവും മീശയും വടിച്ച്, വിലങ്ങണിയിച്ച് ആലപ്പുഴ ടൗണിലൂടെ നടത്തിയപ്പോള്‍ നാട്ടുകാര്‍ ആഹ്ലാദാരവം മുഴക്കി. പന്ത്രണ്ട് വര്‍ഷത്തെ ശിക്ഷ ലഭിച്ച് ജയിലിലായ ഇയാള്‍ പരോളിലിറങ്ങിയപ്പോള്‍ ശത്രുക്കള്‍ ഇയാളെ തല്ലിച്ചതയ്ക്കുകയും നെഞ്ചില്‍ കത്തി കുത്തിയിറക്കി ചത്തെന്നു കരുതി ഓലയിട്ട് മൂടുകയും ചെയ്തു. എന്നാല്‍ അത്ഭുതകരമായി ഇയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ഈ ക്രൂരതകള്‍ക്കിടയിലാണ് ദൈവീകമായ ഒരു മാനസാന്തരം ഇയാളില്‍ ഉണ്ടാകുന്നത്. ജയിലില്‍ വെച്ച് ക കര്‍മ്മലീത്താമഠത്തിലെ സിസ്റ്റര്‍ ആനി സ്‌കറിയയുടെയും മദര്‍ പുഷ്പയുടെയും വാക്കുകള്‍ ഇയാളുടെ ഹൃദയം തൊട്ടു. പിന്നീട് 1984-ല്‍ കളമശ്ശേരിയില്‍ നടന്ന കരിസ്മാറ്റിക് ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഇയാളെ ഫാ. ജോര്‍ജ്ജ് കുറ്റിക്കല്‍ ചേര്‍ത്തുപിടിച്ചതോടെ ആല്‍ബിന്‍ പൂര്‍ണ്ണമായും പുതിയൊരു മനുഷ്യനായി മാറി.

ശിക്ഷ പൂര്‍ത്തിയാക്കി 1997 ജനുവരി 26-നാണ് ആല്‍ബിന്‍ ജയില്‍ മോചിതനായത്. താന്‍ ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തമെന്നോണം തെരുവില്‍ അലയുന്ന മാനസികരോഗികളെയും അശരണരെയും സംരക്ഷിക്കാന്‍ ഇയാള്‍ തീരുമാനിച്ചു. ഭാര്യ മേരിയുടെയും ഫാ. ജോര്‍ജ് കുറ്റിക്കലിന്റെയും പിന്തുണയോടെ പുന്നപ്രയില്‍ ആരംഭിച്ച 'ശാന്തി ഭവന്‍' സര്‍വോദയ ചാരിറ്റബിള്‍ ട്രസ്റ്റ് അനേകം പാവപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമായി മാറി. മദര്‍ തെരേസ അനുഗ്രഹിച്ച് നല്‍കിയ ജപമാല അണിഞ്ഞാണ് ഇയാള്‍ ജനസേവനം നടത്തിയത്.

എന്നാല്‍, വര്‍ഷങ്ങള്‍ നീണ്ട ഈ സാത്വിക ജീവിതത്തിനും ജനസമ്മതിക്കും പിന്നില്‍ വലിയ കറുത്ത നിഴലുകള്‍ വീണ്ടും രൂപപ്പെടുന്നുണ്ടായിരുന്നു. അടുത്തകാലത്തായി ഇയാളുടെ സ്ഥാപനത്തിലേക്ക് വന്‍തോതില്‍ വിദേശത്തുനിന്നും പുറത്തുനിന്നും ഫണ്ടുകള്‍ എത്തുന്നത് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അഗതിമന്ദിരത്തിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന നടുക്കുന്ന സത്യം പുറത്തുവരുന്നത്.

ചോരയും കൊലപാതകവും നിറഞ്ഞ പശ്ചാത്തലത്തില്‍ നിന്നും ജീവകാരുണ്യത്തിന്റെ വെളിച്ചത്തിലേക്ക് വന്ന്, സ്വാതന്ത്ര്യദിനത്തില്‍ ജയില്‍ മോചിതനായി നാട്ടില്‍ നന്മയുടെ പ്രതീകമായി മാറിയ 'ഇറച്ചി ആല്‍ബിന്‍' ഒടുവില്‍ സ്വന്തം തെറ്റുകള്‍ കൊണ്ടുതന്നെ വീണ്ടും അഴിക്കുള്ളിലായിരിക്കുകയാണ്. 170-ഓളം പാവപ്പെട്ട അന്തേവാസികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിക്കൊണ്ട്, തടവുകാരനായി ആല്‍ബിന്‍ മാത്യു മടങ്ങുമ്പോള്‍ നീതിപീഠത്തിന്റെ വിധി കാത്തിരിക്കുകയാണ് നാടൊട്ടുക്ക്.