മൂന്ന് ആവശ്യങ്ങൾ മുന്നോട്ട് വച്ചെന്ന് CJP, രാജിയില്ല, നഷ്ടപരിഹാരം നൽകാമെന്നും കേസെടുക്കില്ലെന്നും കേന്ദ്രസർക്കാർ, നാളെ വീണ്ടും ചർച്ച


ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം നടത്തുന്ന സിജെപി-കേന്ദ്രസർക്കാർ ചർച്ചയിൽ തീരുമാനമായില്ല. ഇന്ന് മൂന്ന് ആവശ്യങ്ങൾ മുന്നോട്ട് വച്ചെന്ന് സിജെപി അറിയിച്ചു. അതിൽ രണ്ട് ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചു. നഷ്ടപരിഹാരം നൽകാമെന്നും കേസെടുക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
അതേ സമയം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിജെപി. നാളെ വീണ്ടും ചർച്ച നടത്തുമെന്ന് ധാരണ ആയിട്ടുണ്ട്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ സമയം തേടി. ശനിയാഴ്ച ഉച്ചയ്ക്ക് 2.30വരെയാണ് സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ചാണ് ചർച്ച നടന്നത്. സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റങ്കയുമാണ് കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെപി നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയത്. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം അനുവദിക്കുക, സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ മന്ത്രിമാർ അംഗീകരിച്ചു. എന്നാൽ ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന സുപ്രധാന ആവശ്യം കൂടി സിജെപി പ്രതിനിധികൾ ശക്തമായി ഉന്നയിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം ആവശ്യമുണ്ടെന്ന് മന്ത്രിമാർ സിജെപി പ്രതിനിധികളോട് അറിയിക്കുകയായിരുന്നു.

ധർമേന്ദ്ര പ്രധാന്‍റെ രാജിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ അയയുന്നുവെന്നതിന്‍റെ സൂചനയാണ് സമയം തേടിയതിലൂടെ വ്യക്തമാകുന്നത്. അതേസമയം ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുമോ അതോ മറ്റേതെങ്കിലും മന്ത്രാലയത്തിലേക്ക് മാറ്റുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സിജെപി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്കാണ് മന്ത്രിമാർ പോയത്