സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസെഷനിൽ നിർണായക മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസെഷനിൽ നിർണായക മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ് (എംവിഡി). വിദ്യാർത്ഥി ബസ് കൺസെഷന് അർഹത നേടുന്നതിനുള്ള പ്രായപരിധി 24ൽ നിന്ന് 27 വയസായി ഉയർത്തി. ഇതോടൊപ്പം കൺസെഷൻ ലഭിക്കുന്ന യാത്രാദൂരവും 40 കിലോമീറ്ററായി വർധിപ്പിച്ചു.
സ്വകാര്യ ബസുകളിൽ വിദ്യാർത്ഥി കൺസെഷനെച്ചൊല്ലി പതിവായി ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാനും കൂടുതൽ സുതാര്യമായ സംവിധാനം ഒരുക്കാനുമാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതെന്ന് എംവിഡി അറിയിച്ചു.

പുതിയ നിർദേശപ്രകാരം രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം. എന്നാൽ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ക്രാഷ് കോഴ്‌സുകളിലോ പാർട്ട് ടൈം കോഴ്‌സുകളിലോ പഠിക്കുന്നവർക്ക് കൺസെഷന് അർഹതയുണ്ടാകില്ല.

അതേസമയം, വിദ്യാർത്ഥി ടിക്കറ്റ് കൺസെഷൻ (STC) വിതരണം ഇനി മുതൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. 'MVD Leads' മൊബൈൽ ആപ്പ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും എംവിഡിയുടെ അംഗീകാരം നേടുകയും വേണം. തുടർന്ന് വിദ്യാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ സ്ഥിരീകരണത്തിനും എംവിഡിയുടെ പരിശോധനയ്ക്കും ശേഷമായിരിക്കും കൺസെഷൻ അനുവദിക്കുക.