അല്‍ റീം റെസ്റ്ററന്റിന്റെ കത്രിക്കടവിലുള്ള ഔട്ട്‌ലെറ്റിലാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഈ മാസം 10, 11 തീയതികളില്‍ ഭക്ഷണം കഴിച്ചവരില്‍ ഏകദേശം 32ഓളം ആളുകളെയാണ് ആദ്യ രണ്ട് ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എട്ട് പേര്‍ കൂടി ചികിത്സ തേടിയിരുന്നു. ഇതില്‍ ആദ്യം ആശുപത്രിയില്‍ പ്രവേശിച്ച 15 പേരുടെ സാമ്പിള്‍
പരിശോധിച്ചതില്‍ നിന്നുമാണ് മൂന്ന് പേരുടെ രോഗകാരണം ഷില്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അര്‍ ഷയിര്‍ഷ ഇക്കാര്യം ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. പൊന്നുരുന്നി സ്വദേശി, നെട്ടൂര്‍ സ്വദേശി, മലയിടം തുരുത്ത് സ്വദേശി എന്നിങ്ങനെ മൂന്ന് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായിരിക്കുന്നത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ അടക്കം നേതൃത്വത്തിന്‍ വലിയ പ്രതിഷേധം റെസ്റ്ററന്റിന് മുന്നില്‍ നടന്നിരുന്നു. ആദ്യം തന്നെ ആളുകള്‍ കോര്‍പറേഷനും ഭക്ഷ്യ സുരക്ഷാ വകുപ്പിനുമടക്കം പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലില്‍ എത്തുകയും സാമ്പിളുകള്‍ ശേഖരിച്ചതിന് ശേഷം ഹോട്ടന്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കുകയും ചെയ്തത്. പൂണിത്തുറ സ്വദേശി ടോണി പീറ്റര്‍ നല്‍കിയ പരാതിയില്‍ പൊലീസും കേസെടുത്തിരുന്നു. ഇന്നലെ പൊലീസ് ഹോട്ടലിലെത്തി പരിശോധനയും നടത്തി. എന്നാല്‍ തങ്ങള്‍ വൃത്തിഹീനമായ നിലയിലല്ല ഹോട്ടന്‍ നടത്തുന്നതെന്നും കോര്‍പ്പറേഷന്‍ എത്തിച്ച വെള്ളത്തില്‍ നിന്നാകാം രോഗം വന്നിരിക്കുക എന്നുമാണ് ഹോട്ടല്‍ നല്‍കുന്ന വിശദീകരണം.
