ആശുപത്രികളില്‍ കൊടിയും ബാനറും വെച്ചുള്ള ഭക്ഷണ വിതരണം ഇനി നടക്കില്ല; കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തില്‍ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കാന്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ബാനറുകളും കൊടികളും കെട്ടി ആശുപത്രി പരിസരങ്ങളെ മത്സരവേദികളാക്കി മാറ്റിക്കൊണ്ട് ഇനി ഭക്ഷണം വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കര്‍ശനമായി വ്യക്തമാക്കി. രാഷ്ട്രീയമോ സംഘടനാപരമോ ആയ അടയാളങ്ങള്‍ ഒഴിവാക്കി, കമ്മ്യൂണിറ്റി കിച്ചന്‍ എന്ന ഏകീകൃത സംവിധാനത്തിലൂടെയായിരിക്കും ഇനി സൗജന്യമായി ഭക്ഷണം നല്‍കുക. ഈ പുതിയ പദ്ധതിയുടെ ആദ്യഘട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചുതന്നെയായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം.


ആശുപത്രികളിലെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എം.എല്‍.എ ജി. സുധാകരന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഈ അടിയന്തര ഇടപെടല്‍. കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മാത്രം പ്രത്യേക ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്ന് ജി. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഭക്ഷണ വിതരണത്തിന്റെ പേരില്‍ പല സംഘടനകളും വ്യാപകമായി പണം പിരിക്കുന്നുണ്ടെന്നും, ഈ പിരിക്കുന്ന പണത്തിന്റെ കൃത്യമായ കണക്കുകള്‍ ആശുപത്രി വികസന സമിതിക്ക് നല്‍കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.





പൂര്‍ണ്ണമായും സുതാര്യതയോടെയും ആശുപത്രിക്ക് മേന്മയുണ്ടാകുന്ന രീതിയിലും ഭക്ഷണവിതരണം ക്രമപ്പെടുത്തേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച പൊതിച്ചോറുകളാണ് വിതരണം ചെയ്തിരുന്നതെങ്കില്‍, ഇപ്പോള്‍ പണം പിരിച്ച് ഷെഡ് കെട്ടി പാചകം ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഈ പ്രസ്താവന വലിയ ചര്‍ച്ചയായതോടെ അദ്ദേഹം പിന്നീട് നിലപാട് ഒന്നു മയപ്പെടുത്തിയെങ്കിലും, ആശുപത്രി കോമ്പൗണ്ടിലെ രാഷ്ട്രീയ സ്വഭാവമുള്ള ഭക്ഷണ വിതരണത്തിനെതിരെ കടുത്ത ആക്ഷേപം നിലനിന്നിരുന്നു.



ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി ആരംഭിക്കുമെന്ന മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് നിലവിലുള്ളത്. ആശുപത്രികളില്‍ വര്‍ഷങ്ങളായി ഡി.വൈ.എഫ്.ഐ നടത്തിവരുന്ന പൊതിച്ചോറ് വിതരണത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതും അതിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മ ഇല്ലാതാക്കുന്നതുമായ ഒരു നീക്കമായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളില്‍ ഈ കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.