*അർധരാത്രിയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി; ചോദ്യപ്പേപ്പർ ചോർച്ചയിൽ കടുത്ത ശിക്ഷ ഉറപ്പാക്കാൻ ബിൽ*


ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നൽകുമെന്നും അടുത്തയാഴ്ച ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

നേരത്തെ, പരീക്ഷാ ക്രമക്കേടുകളിൽ കുറ്റക്കാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഡൽഹി ഹൈക്കോടതി ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചു. ജസ്റ്റിസ് അനു ഗ്രോവർ ബലിഗ ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജിയാകും.