ബസിൽ സ്‌കൂട്ടറിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് പരുക്കേറ്റു
ഇവരിൽ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു. ഉദയനാപുരം ഇത്തിപ്പുഴ ഭാഗം കുറ്റിവേലിത്തറ വീട്ടിൽ മോഹനൻ്റെ മകൻ അമൽ (26) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ തലയോലപ്പറമ്പ് കുലശേഖരമംഗലം ഇടവട്ടം വാളോർമംഗലത്ത് വീട്ടിൽ അർജുൻ (29) ൻ്റെ കൈയ്യിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. അപകടത്തിൽപ്പെട്ടവരെ
തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ നടത്തിയ പരിശോധനയിൽ മരിച്ച യുവാവിൻ്റെ പക്കൽ മയക്കുമരുന്ന് കണ്ടെത്തിയതായി പറയുന്നു. തുടർന്ന് വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന്
നടത്തിയ പരിശോധനയിൽ
പരുക്കേറ്റ അർജുൻ്റെ പക്കൽ നിന്നും 9.7ഗ്രാം കഞ്ചാവും കവറുൾപ്പെടെ
6 ഗ്രാമോളം എം.ഡി.എം.എയും കണ്ടെത്തുകയായിരുന്നു.
പിന്നീട് അർജുനെ കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഉദയംപേരൂർ മാങ്കായിക്കവലയ്ക്കടുത്ത് ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം.
സ്വകാര്യ ബസിനെ മറികടക്കവേ ബസിൽ തട്ടിയ സ്‌കൂട്ടറും യാത്രക്കാരും റോഡിലടിച്ചു വീണ് മീറ്ററുകളോളം ദൂരത്തിൽ ഉരഞ്ഞു നീങ്ങുകയായിരുന്നു.
മരിച്ച അമൽ വൈക്കത്തഷ്ടമിക്ക് യുവാവിനെ കരിമ്പ് കൊണ്ട് അടിച്ചു കൊന്ന കേസിലെ പ്രതിയാണെന്ന്
പോലീസ് പറഞ്ഞു. അപകടത്തിൽ ഉദയംപേരൂർ പോലീസും മയക്കുമരുന്ന് പിടികൂടിയതിൽ ഹിൽപാലസ് പോലീസും കേസെടുത്തിട്ടുണ്ട്.
