ആ മക്കൾ ഇനി തനിച്ച്..തിരുവനന്തപുരം. നാലാഞ്ചിറയെ നടുക്കിയ ക്രൂരത

​തിരുവനന്തപുരം നാലാഞ്ചിറയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ മനസ്സാക്ഷിയുള്ള ഏതൊരു മനുഷ്യന്റെയും നെഞ്ചുലയ്ക്കുന്നതാണ്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് വാടകവീട്ടിൽ വെച്ച് നാല് മക്കളുടെ അമ്മയായ ഹസീന (40) എന്ന നിർഭാഗ്യവതിയെ ഭർത്താവ് സുരേഷ് അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാലങ്ങളായി ദമ്പതികൾക്കിടയിൽ നിലനിന്നിരുന്ന കുടുംബവഴക്കും സംശയരോഗവുമാണ് ഒടുവിൽ ഈ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.

കേവലം നാല് മാസം മുൻപാണ് സുരേഷും ഹസീനയും നാല് മക്കളുമടങ്ങുന്ന കുടുംബം നാലാഞ്ചിറയിലെ ഈ വാടകവീട്ടിൽ താമസത്തിനെത്തുന്നത്. അയൽവാസികളോടോ നാട്ടുകാരോടോ കാര്യമായ സമ്പർക്കമില്ലാതിരുന്ന ഇവർക്കിടയിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു. കുറച്ചുനാൾ മുൻപ് കാണാതായ ഹസീന കഴിഞ്ഞ ആഴ്ചയാണ് തിരികെ വീട്ടിലെത്തിയത്. ഇതിനുപിന്നാലെ ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമാവുകയും, ഇന്ന് പുലർച്ചെ ക്രൂരമായ ഈ കൊടുംചതി നടക്കുകയുമായിരുന്നു. കൃത്യത്തിന് ശേഷം പ്രതി സുരേഷ് കാറിൽ രക്ഷപ്പെട്ടു.

​സ്വന്തം മാതാപിതാക്കളുടെ വഴക്കിനും, ഒടുവിൽ അമ്മയുടെ ദാരുണമായ അന്ത്യത്തിനും സാക്ഷികളാകേണ്ടി വന്ന ആ നാല് പിഞ്ചുമക്കളുടെ മാനസികാവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അമ്മയെ നഷ്ടപ്പെടുകയും അച്ഛൻ കൊലപാതകിയായി ഒളിവിൽ പോവുകയും ചെയ്തതോടെ ആ മക്കൾ ഇന്ന് പൂർണ്ണമായും അനാഥരായിരിക്കുകയാണ്. നിലവിൽ പോലീസ് സംരക്ഷണയിലാണ് ഈ കുട്ടികൾ. ഹസീനയുടെ സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

കുടുംബങ്ങളിലെ സംശയരോഗവും വിട്ടുവീഴ്ചയില്ലായ്മയും ഒടുവിൽ ഇല്ലാതാക്കുന്നത് നിരപരാധികളായ മനുഷ്യരുടെ ജീവനാണ്. ഒപ്പം വഴിയാധാരമാകുന്നത് ഒരുകൂട്ടം കുട്ടികളുടെ ഭാവി കൂടിയാണ്. ക്രൂരത കാട്ടിയ പ്രതി സുരേഷിനെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് സാധിക്കട്ടെ. അമ്മ നഷ്ടപ്പെട്ട ആ മക്കൾക്ക് ഈ വലിയ ദുരന്തത്തെ അതിജീവിക്കാനുള്ള കരുത്തുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..