കല്ലറ: നിക്ഷേപകയുടെ പരാതിയിൽ ഐടി സ്ഥാപനത്തിന്റെ ഡയറക്ടർമാരിലൊരാൾ അറസ്റ്റിൽ. മറ്റ് മൂന്ന് ഡയറക്ടർമാർക്കെതിരെ കേസ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് കമ്പനിയുടെ ഡയറക്ടർമാരിലൊരാളായ കല്ലറ സ്വദേശി യഹിയയെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് ഡയറക്ടർമാരും കല്ലറ സ്വദേശികളുമായ അനസ്, സഫീർ നൂജുമുദ്ദീൻ, സാബീർ നൂജുമുദ്ദീൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കല്ലറ സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. ഇവരിൽനിന്നും ഭർത്താവിൽനിന്നും 2024ലും 2025ലുമായി ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് കല്ലറ ടാൽറോപ്പ് വില്ലേജ് പാർക്ക് എന്ന സ്ഥാപനത്തിലേക്കായി 10 ലക്ഷം രൂപ വാങ്ങി വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്. 2026 ഫെബ്രുവരി വരെ ലാഭവിഹിതം നൽകിയശേഷം പിന്നീട് ലാഭവിഹിതമോ മുതലോ നൽകിയില്ലെന്ന പരാതിയിലാണ് നടപടി.
