എന്നാൽ, കരിയറിന്റെ ഏറ്റവും ഉയർന്ന പീക്കിൽ നിൽക്കുമ്പോൾ എടുത്ത ഒരു തെറ്റായ തീരുമാനം, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്ന ഒരു സ്ത്രീ, ആ കരിയറിനെ പൂർണ്ണമായും തകിടം മറിച്ചു.
2005-ൽ വലിയ ആഘോഷങ്ങളോടെയാണ് പ്രശാന്ത് ബിസിനസ്സുകാരനായ വി.ഡി. ഗൃഹലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. എന്നാൽ ആ സന്തോഷത്തിന് ഏതാനും മാസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് തന്നെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും ഗൃഹലക്ഷ്മി സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കുകയും ചെയ്തു. തനിക്ക് ജനിച്ച മകനെ കാണാൻ പോലും പ്രശാന്തിന് അനുവാദം ലഭിച്ചില്ല.
ഭാര്യയെ തിരികെ കിട്ടാൻ പ്രശാന്ത് നിയമപോരാട്ടം നടത്തുന്നതിനിടയിലാണ് ആ ഞെട്ടിക്കുന്ന സത്യം പുറത്തുവരുന്നത്. പ്രശാന്തിനെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഗൃഹലക്ഷ്മി മറ്റൊരു വിവാഹം കഴിച്ചിരുന്നു....ആ ആദ്യ വിവാഹത്തിന്റെ കാര്യം പൂർണ്ണമായും മറച്ചുവെച്ചാണ് അവർ പ്രശാന്തിന്റെ ജീവിതത്തിലേക്ക് വരുന്നത്.
താൻ ക്രൂരമായി വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ പ്രശാന്ത് വലിയ മാനസിക വിഷമത്തിലായി. തുടർന്ന് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഈ വിവാഹത്തിൽ വലിയ വഞ്ചന നടന്നിട്ടുണ്ടെന്ന് കോടതി കണ്ടെത്തുകയും പ്രശാന്തും ഗൃഹലക്ഷ്മിയും തമ്മിലുള്ള വിവാഹം തുടക്കം മുതലേ അസാധുവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഈ വിവാദങ്ങളും, പോലീസ് സ്റ്റേഷനുകളും, കോടതി കയറിയിറങ്ങലുകളും പ്രശാന്ത് എന്ന നടന്റെ കരിയറിനെ പാടേ തകർത്തു കളഞ്ഞു. മനസ്സിന്റെ സമാധാനം നഷ്ടപ്പെട്ട അദ്ദേഹം സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയായി. പ്രശാന്തിന്റെ ഡേറ്റുകൾ മുടങ്ങി, പല സിനിമകളും പരാജയപ്പെട്ടു, ചിലത് പാതിവഴിയിൽ നിലച്ചു. പ്രശാന്ത് സിനിമകളിൽ നിന്ന് മാറിനിന്ന ആ വർഷങ്ങളിലാണ് അജിത്തും വിജയും തമിഴ് സിനിമയുടെ സിംഹാസനങ്ങൾ പിടിച്ചടക്കിയത്. അങ്ങനെ ഒരു തെറ്റായ സ്ത്രീ കാരണം പ്രശാന്തിന് നഷ്ടപ്പെട്ടത് തന്റെ കരിയറിലെ ഏറ്റവും സുവർണ്ണകാലമായിരുന്നു.
