നടയറ പാലത്തിന് താഴെ പ്രവർത്തിക്കുന്ന ആക്രിക്കടയിലെ ഡ്രൈവറായ നടയറ എ.എസ്. ഹൗസിൽ മുഹമ്മദ് അസ്‌ലം (24) ആണ് പരിക്കേറ്റത്.
സംഭവത്തിൽ പരവൂർ സ്വദേശിയായ ബിജോയിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.
പൊലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ദിവസം ആക്രിക്കടയിൽ നിന്ന് ബിജോയി ഒരു ബാറ്ററി വാങ്ങിയിരുന്നു. ഇന്ന് ബാറ്ററി തിരികെ വാങ്ങണമെന്നും പണം മടക്കി നൽകണമെന്നും ആവശ്യപ്പെട്ട് ഇയാൾ വീണ്ടും കടയിലെത്തി. കടയുടമ നിസാർ 1,500 രൂപ തിരികെ നൽകിയെങ്കിലും ലഹരിയിലായിരുന്ന ബിജോയി പ്രകോപിതനായി നിസാറിനെ ആക്രമിക്കുകയായിരുന്നു.
ഇത് തടയാനെത്തിയ മുഹമ്മദ് അസ്‌ലമിനെ ബിജോയി കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന മറ്റ് ചിലരെയും ഇയാൾ ഉപദ്രവിച്ചതായി പൊലീസ് അറിയിച്ചു. അക്രമാസക്തനാമായ യുവാവിനെ നാട്ടുകാർ പിടികൂടി കെട്ടിഇടുകയും പൊലീസിന് കൈമാറുകയുമായിരുന്നു
പരിക്കേറ്റ അസ്‌ലമിനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ആര്യനാട് കരുണാസായി ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലിരിക്കെ സഹതാമസക്കാരനായ കഴക്കൂട്ടം സ്വദേശിയെ ചെടിചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജോയിയെന്ന് പൊലീസ് പറഞ്ഞു
സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
