ശബരിമലയിൽ വഴിപാടുകളും റൂം ബുക്കിംഗും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടനത്തിന് ഇനി ഡിജിറ്റൽ മുഖം. വഴിപാടുകളും റൂം ബുക്കിംഗും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം. മുറികൾക്കുള്ള ഡെപ്പോസിറ്റ് സമ്പ്രദായം ഒഴിവാക്കിയതിനൊപ്പംസന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ എ ഐ ക്യാമറകളും പമ്പയിൽ പുതിയ കൺട്രോൾ റൂമും സജ്ജമാക്കും.

ശബരിമലയിലെ ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യുകയാണ്. തീർത്ഥാടകർക്കായി അനുവദിച്ചിട്ടുള്ള 608 മുറികളിൽ 550 മുറികളും ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കും. മുറികൾക്കായി മുമ്പ് വാങ്ങിയിരുന്ന ഡെപ്പോസിറ്റ് സമ്പ്രദായം ഒഴിവാക്കി പകരം 50 രൂപ മാത്രം സർവിസ് ചാർജായി ഈടാക്കാനും തീരുമാനിച്ചു. വഴിപാട് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്കും ഡിജിറ്റൽ പെയ്മെന്റ് സംവിധാനം നിർബന്ധമാക്കും. തീർത്ഥാടനത്തിനിടെ മരിച്ച ഭക്തരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകാനും യോഗത്തിൽ തീരുമാനമായതായി ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ പറഞ്ഞു.