ഇവരാണ് ആ ക്രൂരന്മാർ !
എറണാകുളം തൃക്കാക്കരയിൽ നടുറോഡിൽ മൂന്ന് യുവാക്കളെ അതിക്രൂരമായി മർദ്ദിച്ച കേസിൽ പിടിയിലായ മൂന്ന് പ്രതികൾ.
ആ ദൃശ്യം ടിവിയിൽ കണ്ടവരൊന്നും അടുത്തകാലത്തു അത് മറക്കുമെന്ന് തോന്നുന്നില്ല.
ഇങ്ങനെ ഒരു മനുഷ്യനെ നിഷ്ക്കരണം ചവിട്ടുകയും തല്ലു കയും ചെയ്യണമെങ്കിൽ അവന്റെ മനസ്സ് എത്ര കരിങ്കല്ല് പോലെ ആയിരിക്കും?
അല്ല, ഗുണ്ടകൾക്കുണ്ടോ മനസ്സും ഹൃദയവും ! അതുള്ളവർ ഗുണ്ടാ പണിക്കു പോകുമോ!
ആ ദൃശ്യം കണ്ടപ്പോൾ ഒരു നിമിഷം പകച്ചുനിൽക്കാത്തവർ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
അത്ര ഭയാനകമായിരുന്നു. ആ ക്രിമിനലുകളെ ഒറ്റയടിക്ക് കൊല്ലണം എന്ന് തോന്നിയ ഒരുപാട് പേർ ഉണ്ടാവും.
അടിയേറ്റ് വെട്ടിയിട്ട വാഴ പോലെ നിലത്ത് വീഴുന്നു ഒരു പാവം ചെറുപ്പക്കാരൻ. പിന്നെ അയാൾ നിശ്ചലമായി കിടക്കുകയാണ്. മരിച്ച പോലെ.
തെല്ലുനേരം കഴിഞ്ഞ് അയാൾ പതുക്കെ തലയുയർത്തി എഴുന്നേൽക്കാൻ നോക്കുന്നു. അപ്പോൾ ഗുണ്ട ഓടിച്ചെന്ന് ഒരൊറ്റ തൊഴി. വീണ്ടും വീണ് ചലനമറ്റു കിടക്കുന്നു.
അടുത്ത നിമിഷം കഴുത്തിന് ഒരു ചവിട്ട്.
ആ രണ്ടു ദൃശ്യമായിരുന്നു ഏറ്റവും ഭയാനകമായിരുന്നത്.
വീണുകിടക്കുന്നവനെ, അതും മരിച്ച പോലെ കിടക്കുന്നവനെ വീണ്ടും ചവിട്ടാൻ എങ്ങനെ തോന്നും ? ഓ ഭയങ്കരം തന്നെ !
ടിവിയിൽ ആ ദൃശ്യങ്ങൾ, മനക്കട്ടി ഇല്ലാത്തവർക്ക് കണ്ടുനിൽക്കാൻ പറ്റുന്നതായിരുന്നില്ല. അത്ര ക്രൂരമായിരുന്നു ആ മർദ്ദനം. നിശ്ചലനായി നിലത്ത് കിടക്കുന്ന ഒരു മനുഷ്യനെയാണ് ആഞ്ഞു ചവിട്ടുന്നത് എന്നോർക്കുക.
കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നി ഗുണ്ടകളെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
പൊതുജനങ്ങളുടെ രോഷത്തിൽ നിന്ന് പോലീസ് പണിപ്പെട്ട് അവരെ കൊണ്ടുപോകുന്ന ദൃശ്യം ഇന്ന് കണ്ടു. പൊതുജനത്തിന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ അവന്റെ അസ്ഥികൾ മുഴുവൻ ഒടിഞ്ഞു നുറുങ്ങിയേനെ.
ഒരു കണക്കിന് ആലോചിച്ചാൽ അതായിരുന്നു വേണ്ടിയിരുന്നത്.
കാരണം നിയമം ഇവനെ ഒന്നും ചെയ്യാൻ പോകുന്നില്ല. ഇവരൊക്കെ പണ്ടേ കുറ്റവാളിയായി എത്രയോ കേസുകളിൽ പെട്ടിട്ടുള്ളവരാകും 1 !
ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികളാണ് ഇവർ എന്നാണ് വാർത്തയിൽ കണ്ടത്.
വാഴക്കാല സ്വദേശികളായ ഷാഫി (24), നിസാം (25), അച്ചു (24) എന്നിവര്‍ക്കാണ് ഇ ഈ ഗുണ്ടകളുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റത്. കേവലം 24 ഉം 25 ഉം വയസ്സു മാത്രം പ്രായമുള്ളവർ.
ആ ചെറുപ്പക്കാരുടെ മാതാപിതാക്കളുടെ സങ്കടം എത്രയധികം ആയിരിക്കും !
ഓപ്പറേഷൻ തൂഫാൻ പോലെ ഈ ഗുണ്ടകളെ മൊത്തം പിടിച്ച് അകത്തിടാൻ ഒരു ഓപ്പറേഷൻ ഗുണ്ടാസ് നടത്തേണ്ട സമയം അതിക്രമിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഈ ചെറുപ്പക്കാരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. നിലത്ത് വേദന തിന്ന് എത്രയോ സമയം കിടന്നിട്ടുണ്ടാകും
അശ്രദ്ധമായി കാർ ഓടിച്ചത് യുവാക്കൾ ചോദ്യം ചെയ്തതാണെത്രേ മർദ്ദന കാരണം.
മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നില്ലായിരുന്നെങ്കിൽ ആ മർദ്ദനത്തിന്റെ വ്യാപ്തി ആരും അറിയാതെ പോയേനെ.
ഈ സംഭവം കേരളത്തിൽ ആണോ നടക്കുന്നത് എന്ന് പോലും തോന്നിപ്പോയി.
മർദ്ദനത്തിൽ തലയോട്ടിക്ക് പൊട്ടലേറ്റ പ്രവീൺ കുമാർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. മുഖത്ത് സാരമായി പരിക്കേറ്റ നിസാമിനെ പ്ലാസ്റ്റിക് സർജറിക്കായി എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരാൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
