മാരകമായ ആക്രമണനിരയുമായി ഫ്രാൻസ്
ഈ ലോകകപ്പിലെ തന്നെ ഏറ്റവും അപകടകാരികളായ മുന്നേറ്റനിരയാണ് ഫ്രാൻസിന്റേത്. കിലിയൻ എംബാപ്പെ, ഒസ്‌മാൻ ഡെംബലെ, മൈക്കൽ ഒലിസെ, ഡെറീറെ ഡുവെ എന്നിവരടങ്ങുന്ന സംഘത്തിൽ ആർക്കും ഒറ്റയ്ക്ക് മത്സരം വിജയത്തിലെത്തിക്കാൻ കെൽപ്പുള്ളവരാണ്. എംബാപ്പെയുടെയും ഡെംബലെയുടെയും അമിതവേഗതയും, കൃത്യതയോടെ പന്തെത്തിക്കാനുള്ള ഒലിസെയുടെ മികവും എതിരാളികൾക്ക് കനത്ത വെല്ലുവിളിയാകും. വിങ്ങുകളിലൂടെ മികച്ച മുന്നേറ്റങ്ങൾ നടത്താൻ ഡുവെക്കും സാധിക്കും.
പ്രീക്വാർട്ടറിൽ ഫിസിക്കൽ ഗെയിം പുറത്തെടുത്ത പാരഗ്വായിക്കെതിരെ അല്പം വിയർത്ത ഫ്രാൻസ്, ക്വാർട്ടറിൽ മൊറോക്കോയെ തകർത്ത് തങ്ങളുടെ തനത് ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
സാധ്യതാ ഇലവൻ: മൈക്ക് മെയ്ഗ്‌നൻ (ഗോൾകീപ്പർ). പ്രതിരോധത്തിൽ യൂൾസ് കുണ്ടെ, ലൂക്കാസ് ഡിനെ, വില്യം സാലിബ, ഡയോട്ട് ഉപമെക്കാനോ. മിഡ്ഫീൽഡിൽ മാനുകോന, അഡ്രിയൻ റാബിയോട്ട്, ഒലിസെ. അറ്റാക്കിങ്ങിൽ എംബാപ്പെ, ഡെംബലെ, ഡുവെ.
പന്തടക്കവും പാസിങ്ങുമായി സ്പെയിൻ
പന്ത് പരമാവധി കൈവശം വെച്ച്, അവസരം ലഭിക്കുമ്പോൾ മാത്രം ആക്രമിക്കുക എന്നതാണ് സ്പെയിനിന്റെ ലളിതമായ തന്ത്രം. കളിക്കാർ തമ്മിലുള്ള മികച്ച ഒത്തിണക്കവും കൃത്യതയാർന്ന പന്ത് വിതരണവുമാണ് അവരുടെ കരുത്ത്. ബോക്സ് ടു ബോക്‌സ് കളിക്കുന്ന ക്യാപ്റ്റൻ റോഡ്രിയാണ് ടീമിന്റെ കളി മെനയുന്നത്. എന്നാൽ സ്പെയിനിന്റെ ഏറ്റവും വലിയ ആയുധം ലാമിൻ യമാലാണ്. തന്റെ അസാമാന്യമായ ഡ്രിബ്ലിങ് പാടവവും വേഗതയും കൊണ്ട് ഏത് നിമിഷവും കളിഗതി മാറ്റിമറിക്കാൻ ഈ കൗമാര താരത്തിന് കഴിയും.
കരുത്തരായ എതിരാളികളെ വീഴ്ത്തി സെമിയിലെത്തിയതിന്റെ മാനസിക മുൻതൂക്കം സ്പെയിനിനുണ്ട്. ടൂർണമെന്റിൽ ഇതുവരെ ഒരൊറ്റ ഗോൾ മാത്രമാണ് സ്പാനിഷ് വലയിൽ വീണത് എന്നത് അവരുടെ പ്രതിരോധത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു. അവസാന രണ്ട് കളികളിലും പകരക്കാരനായി ഇറങ്ങി ഗോളടിച്ച മികേൽ മെറീനോയിലാണ് സ്പെയിനിന്റെ മറ്റൊരു പ്രതീക്ഷ. ഡാനി ഒൽമോയ്ക്ക് പകരം മെറീനോ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയേക്കാം.
സാധ്യതാ ഇലവൻ: ഉനായ് സിമോൺ (ഗോൾകീപ്പർ). പ്രതിരോധത്തിൽ പെഡ്രോ പോറോ, പാവു കുബാർസി, ഐയ്‌മറിക് ലാപോർട്ട, മാർക് കുക്കുറെയ്യ. ഡിഫൻസീവ് മിഡ്ഫീൽഡിൽ റോഡ്രി, പെഡ്രി. മുന്നേറ്റത്തിൽ ലാമിൻ യമാൽ, അലക്‌സ് ബയേന, മികേൽ മെറീനോ, ഒയർസബാൽ.
