യുഎസ് ആക്രമണങ്ങള്‍ക്കിടെ ജന്മനാട്ടില്‍ ഇന്ന് ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ സംസ്‌കാരം

പശ്ചിമേഷ്യയില്‍ സംഘര്‍ഷംം വീണ്ടും ശക്തമാകുമെന്ന സൂചനകള്‍ നല്‍കി യുഎസ് വ്യോമാക്രമണങ്ങള്‍ തുടരുന്നതിനിടയില്‍, കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സംസ്‌കരിക്കും. വടക്കുകിഴക്കന്‍ ഇറാനിലെ മഷാദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത, ദിവസങ്ങള്‍ നീണ്ട വിലാപയാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ മൃതദേഹം അന്ത്യവിശ്രമത്തിനായി മഷാദില്‍ എത്തിക്കുന്നത്. എന്നാല്‍, ചടങ്ങുകളുടെ അവസാന ദിവസമായ ഇന്ന് യുഎസ് ഇറാനില്‍ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടത് ആശങ്കയായിട്ടുണ്ട്. ഹോര്‍മുസില്‍ കപ്പലുകള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം. ഇറാന്‍ കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇതിലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് ആയത്തുല്ല ഖമേനി കൊല്ലപ്പെടുന്നത്. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കര്‍ബല എന്നിവിടങ്ങളിലെ വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം ഇന്ന് ഇറാനിലെ ഏറ്റവും ആദരിക്കപ്പെടുന്ന ആരാധനാലയമായ 'ഇമാം റെസ' മസ്ജിദില്‍ സംസ്‌കരിക്കും. തനിക്ക് മഷാദില്‍ അന്ത്യവിശ്രമം കൊള്ളണമെന്നത് ഖമേനിയുടെ വ്യക്തിപരമായ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് മുഹമ്മദി-ഗോല്‍പയ്ഗാനി വ്യക്തമാക്കി.