മണമ്പൂർ മതുരക്കോട് സ്വദേശി അരുൺ കൃഷ്ണ (20) (അക്കുടു) ആണ് മരണപ്പെട്ടത്
ദേശീയപാതയിൽ നാവായിക്കുളം 28 മൈൽ മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെയുണ്ടായ ദാരുണമായ വാഹനപകടത്തിൽ 20 വയസ്സുകാരനായ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കല്ലമ്പലം ചേന്നൻകോടിന് സമീപം മധുരക്കോട് തിരുവാതിരയിൽ ബാബു-അജിത ദമ്പതികളുടെ ഏക മകൻ അക്കുടു എന്ന് വിളിക്കുന്ന അരുൺ കൃഷ്ണ (20) ആണ് മരിച്ചത്.
അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കളായ മാവിൻമൂട് സ്വദേശി ശ്യാം, നെല്ലിക്കോട് സ്വദേശി ബാലു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലർച്ചെ 1 മണിയോടെയാണ് അപകടം നടന്നത്.ആറ്റിങ്ങൽ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് മൂന്ന് പേരുമായി വരികയായിരുന്ന ബൈക്ക് റോഡിൽ സ്ഥാപിച്ചിരുന്ന വലിയ ഇരുമ്പ് ബാരിക്കേഡിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡ് ബാരിക്കേഡ് പൂർണ്ണമായും തിരിഞ്ഞുപോവുകയും, ബൈക്ക് സമീപത്തെ സുരക്ഷാ കമ്പികൾക്കിടയിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
കമ്പികൾക്കിടയിൽ കുടുങ്ങിക്കിടന്ന അരുൺ കൃഷ്ണയെ നാട്ടുകാരാണ് പുറത്തെടുത്തതെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചിരുന്നു.
നിലവിൽ മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
