അർജന്റീന - ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തൃശൂരിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം

ലോകകപ്പ് ഫുട്ബോളിലെ അർജന്റീന - ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തൃശൂരിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം. എരുമപ്പെട്ടിയിലാണ് അർധരാത്രിയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസ് ഉപരോധിച്ചത്. എരുമപ്പെട്ടി, കടങ്ങോട് മേഖലകളിൽ പുലർച്ചെ 12.42 മുതൽ 1.07 വരെയായിരുന്നു പവർകട്ട് ഏർപ്പെടുത്തിയത്.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെന്നും വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ട ബാധ്യതയുണ്ട്. ഇത് ഭരണപരാജയമല്ലെന്നും ഇടതു സർക്കാരിന്റെ കാലത്തും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരുംദിവസങ്ങളിൽ ബാറ്ററി സ്റ്റോറേജ് വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.