സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചുവെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച യുവതിയെ നഗരത്തിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം നഗരത്തിലെ ഫ്ളാറ്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്ദൻകോട് വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂർ വിയ്യൂർ ഏവന്നൂർ സ്വദേശിനി അനുഷ(28) യാണ്‌ മരിച്ചത്. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്.

യുവതിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചതായി വീട്ടുകാരെ അടക്കം തെറ്റിദ്ധരിപ്പിച്ച് പല സാമ്പത്തിക ഇടപാടുകൾ ഇവർ നടത്തിയിരുന്നെന്നും മ്യൂസിയം പോലീസ് പറഞ്ഞു.
'സിവിൽ സർവീസ് പരീക്ഷയിൽ ഐആർഎസ് നേടിയതായി അനുഷ വീട്ടുകാരെയടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നു. മസൂറി സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിലടക്കം പോയി ഫോട്ടോയെടുത്ത് വീട്ടുകാർക്ക്‌ അയച്ചുനൽകി. പരീക്ഷയിൽ പ്രകടനം മെച്ചപ്പെടുത്താനായി പരിശീലനം തുടരുന്നതായി പറഞ്ഞ് വീട്ടുകാരിൽനിന്നു പലവട്ടം പണവും വാങ്ങിയിരുന്നു. തലസ്ഥാനത്തെ സ്വകാര്യ അക്കാദമിയിൽ പരിശീലനം നടത്തുന്ന മറ്റൊരു വിദ്യാർത്ഥിയിൽനിന്നു ഇവർ പണം കൈപ്പറ്റിയിരുന്നു. ഇത്തരം കാര്യങ്ങൾ പുറത്തുവരുമെന്നായപ്പോഴാകാം ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം.

2025 ലെ സിവിൽ സർവീസ് അനുഷ്ക്ക് 475 മത്തെ റാങ്ക് കിട്ടിയതായി അന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. വിവിധ സംഘടനകളും രാഷ്ട്രീയപാർട്ടികളും വീട്ടിലെത്തി അവരെ അനുമോദിക്കുകയും മെമെന്റോ നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു