*ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി*

 കൊല്ലം ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. സമയോചിതമായ ഇടപെടലിനെ തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

 സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ന് പുലർച്ചെ 5.45ഓടെ പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന പുനലൂർ ഡിപ്പോയുടെ KL 15 A 0612 നമ്പർ സൂപ്പർഫാസ്റ്റ് ബസിനാണ് ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ച് തീപിടിത്തമുണ്ടായത്.

ബസിന്റെ മുൻഭാഗത്തെ ടയറിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. ബാറ്ററി ഭാഗത്ത് ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് കടയ്‌ക്കൽ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ബസിലുണ്ടായിരുന്ന ഒൻപത് യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയ ശേഷം മറ്റൊരു കെഎസ്ആർടിസി ബസിൽ യാത്ര തുടരാൻ സൗകര്യമൊരുക്കി.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കെഎസ്ആർടിസിയും അഗ്നിരക്ഷാസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.