കടയ്ക്കാവൂരില്‍ വയോധികനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; കുടുംബ പ്രശ്‌നമെന്ന് നിഗമനം

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ വയോധികനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. 60 വയസുള്ള സുകൃതിക്കുട്ടനെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാളുടെ തലയിലും കൈയിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് സുകൃതിക്കുട്ടന്‍.
സംഭവത്തില്‍ കടയ്ക്കാവൂര്‍ സ്വദേശി ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം പ്രതി ഒളിവില്‍ പോയിരുന്നു.
കടയ്ക്കാവൂര്‍ എസ്എച്ച്ഒ സൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കുടുംബ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.