സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ ഒഴികെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍–വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. കൂടാതെ, കിഴക്കന്‍ അറബിക്കടലിനും സമീപ കൊങ്കണ്‍ തീരത്തിനും മുകളിലായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്തില്‍ ജൂലൈ 31 വരെ കേരളത്തില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഇതിനിടെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ പുലര്‍ച്ചെ 5.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്‍കി. ഇതുമൂലം തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.