തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് തിരുവനന്തപുരത്ത് ഞെട്ടിപ്പിക്കുന്ന ഒരു മനുഷ്യക്കടത്തിന്റെ ചുരുളഴിയുന്നു!

തിരുവനന്തപുരം..തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് തിരുവനന്തപുരത്ത് ഞെട്ടിപ്പിക്കുന്ന ഒരു മനുഷ്യക്കടത്തിന്റെ ചുരുളഴിയുന്നു! 
ശാന്തമായ കുളത്തൂർ കട്ടേലയിലെ ഒരു സാധാരണ വാടകക്കെട്ടിടത്തിനുള്ളിൽ നാളുകളായി അരങ്ങേറിക്കൊണ്ടിരുന്നത് അന്താരാഷ്ട്ര ബന്ധമുള്ള വൻ പെൺവാണിഭ സംഘത്തിന്റെ ഇരുണ്ട ഇടപാടുകളായിരുന്നു.വിദേശ രാജ്യങ്ങളിൽ നിന്നും സ്ത്രീകളെ രഹസ്യമായി ഇവിടെ എത്തിക്കുന്നുണ്ടെന്ന നിർണായക രഹസ്യവിവരം തുമ്പ പോലീസിന് ലഭിച്ചതോടെയാണ് ഉദ്വേഗജനകമായ ഈ ഓപ്പറേഷന് തുടക്കമായത്.
​പുറമെ യാതൊരു സംശയവും തോന്നാത്ത ആ കെട്ടിടത്തിലേക്ക് പോലീസ് സംഘം വളരെ കരുതലോടെ അപ്രതീക്ഷിതമായി ഇരച്ചുകയറിയപ്പോൾ വെളിപ്പെട്ടത് വിദേശവനിതകളെ ഉൾപ്പെടെ അണിനിരത്തിയുള്ള വൻ മാഫിയാ സംഘത്തെയാണ്. തായ്‌ലൻഡിലെ പട്ടായയിൽ നിന്നും യുവതികളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് അനാശാസ്യകേന്ദ്രം നടത്തിയിരുന്ന മുഖ്യ സൂത്രധാരന്മാരായ അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28) എന്നീ മലയാളികളും, ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്.
ഇവരെക്കൂടാതെ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചിരുന്ന തായ്‌ലൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരെയും പോലീസ് കയ്യോടെ വലയിലാക്കി.
കൃത്യമായ ആസൂത്രണത്തോടെ തുമ്പ പോലീസ് നടത്തിയ ഈ മിന്നൽ പരിശോധനയോടെ, ഈ അന്തർദേശീയ റാക്കറ്റിൽ ഇനിയും ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന കൂടുതൽ രഹസ്യങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്ന കടുത്ത ആകാംക്ഷയിലാണ് ഇപ്പോൾ നാടും അന്വേഷണ ഉദ്യോഗസ്ഥരും.
പട്ടായയിൽ നിന്നും കൂടുതൽ യുവതികളെ കേരളത്തിലേക്ക് ഇറക്കി കേരളത്തിന്റെ വിവിധ ഭാഗത്തായി പെൺവാണിഭം നടത്താനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് കിട്ടുന്ന വിവരം.