പ്രമേഹരോഗികളിൽ ഗുളികകൾ മാത്രമുള്ള ചികിത്സ ഫലപ്രദമല്ലാതെ വരുമ്പോഴാണ് സാധാരണയായി ഇൻസുലിൻ ചികിത്സ ആരംഭിക്കുന്നത്. നിലവിൽ ടൈപ്പ് 1, ടൈപ്പ് 2 ഡയബറ്റിസ് രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രതിദിനം ഒന്നോ അതിലധികമോ തവണ ഇൻസുലിൻ എടുക്കാറുണ്ട്. ഈ പ്രതിദിന രീതി പാടെ ഒഴിവാക്കുന്നതാണ് പുതിയ മരുന്ന്.
അവിക്ക്ലിയുടെ 700 യൂണിറ്റ് പാക്കിന് 2,611 രൂപയാണ് വില വരുന്നത്. നിലവിൽ വിപണിയിലുള്ള പ്രതിദിന ഇൻസുലിൻ യൂണിറ്റുകളുടെ വിലയേക്കാൾ ഏകദേശം 30 മുതൽ 40 ശതമാനം വരെ കുറവാണിതെന്ന് മരുന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനായി പല രോഗികൾക്കും ദിവസവും 10 യൂണിറ്റ് വരെ ഇൻസുലിൻ ആവശ്യമായി വരാറുണ്ട്. അതായത്, അത്തരം രോഗികൾക്ക് പ്രതിവാരം 70 യൂണിറ്റ് ഇൻസുലിൻ വേണ്ടിവരുമ്പോൾ ഒരാഴ്ചത്തേക്ക് ഏകദേശം 261 രൂപയോളമാണ് ചെലവ് വരുന്നത്. പുതിയ ഇൻസുലിൻ എത്തുന്നതോടെ ഈ ചികിത്സാച്ചെലവ് ഗണ്യമായി കുറയ്ക്കാനാകും.
ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതിനാൽ ഈ പുതിയ മരുന്നിന്റെ വരവിന് വലിയ പ്രാധാന്യമുണ്ട്. പുതുതായി വികസിപ്പിച്ച ഈ പ്രതിവാര ഇൻസുലിന്റെ ഗുണനിലവാരം പരിശോധിക്കാനായി നടത്തിയ വിപുലമായ ക്ലിനിക്കൽ ട്രയലുകൾക്കൊടുവിൽ, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വലിയ തോതിൽ കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദിവസേന നൽകുന്ന ഇൻസുലിനേക്കാൾ മികച്ച രീതിയിൽ പ്രമേഹത്തെ നിയന്ത്രിക്കാൻ അവിക്ക്ലിക്ക് സാധിക്കുമെന്നാണ് മരുന്നുനിർമ്മാതാക്കളുടെ അവകാശവാദം
