*തങ്കമണി കൗൺസിലറുടെ ഇടപെടൽ ഫലംകണ്ടു...!!!**അപകടത്തിൽ പരിക്കേറ്റ നിർധനയായ വയോധികക്ക് വിദഗ്ധ ചികിൽ ഉറപ്പാക്കി ആറ്റിങ്ങൽ നഗരസഭ*

ആറ്റിങ്ങൽ : അപകടത്തിൽ പരിക്കേറ്റ് തുടയെല്ല് പൊട്ടി കിടപ്പിലായിരുന്ന കരിച്ചയിൽ തോട്ടിൻകര മേലേതട്ടിൽ പുത്തൻവീട്ടിൽ 65 വയസുള്ള വസന്തയെയാണ് വാർഡ് കൗൺസിലറും ആശാവർക്കുമായ തങ്കമണിയുടെ ഇടപെടലിനെ തുടർന്ന് വിദഗ്ധ ചികിൽസക്കായി നഗരസഭ അധികൃതർ ഇന്നലെ വൈകിട്ടട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
ക്ഷേമപെൻഷൻ അർഹത ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായിട്ടുളള മസ്റ്ററിംഗ് നടത്താൻ രണ്ടാഴ്ച്ച മുമ്പ് അക്ഷയ സെൻ്റെറിലേക്ക് പോകുന്ന വഴിയാണ് ഓട്ടോറിക്ഷയിടിച്ച് ഇവരുടെ തുടയെല്ലിനും ഇടുപ്പെല്ലിനും ഒടിവ് സംഭവിക്കുന്നത്.
ഉടനെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അടിയന്തിര ശസ്ത്രക്രിയ നടത്താൻ വേണ്ടി വസന്തയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് ആൺമക്കൾ മാത്രമുള്ള ഇവരുടെ ചികിൽസാ കാലയളവിൽ ആശുപത്രിയിൽ കൂട്ടിരിക്കാൻ മറ്റാരുമില്ല എന്ന വിഷയം ചൂണ്ടിക്കാട്ടി പ്രാഥമിക ശിശ്രൂഷ മാത്രം നൽകിയ ശേഷം ആശുപത്രി അധികൃതർ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചു.
വിവരമറിഞ്ഞ് വസന്തയുടെ വീട്ടിലെത്തിയ കൗൺസിലർ തങ്കമണി ഉടനടി ഈ വിഷയം നഗരസഭ അധ്യക്ഷൻ എം.പ്രദീപിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.
വലിയകുന്ന് താലൂക്കാശുപത്രി പാലിയേറ്റീവ് കെയറിൻ്റെ സഹായത്തോടെ അടിയന്തിര വൈദ്യസഹായവും രോഗിക്ക് കിടക്കാനുള്ള കട്ടിലും ലഭ്യമാക്കി.
കൂടാതെ അപകടത്തിൽ സാരമായ പരിക്കേറ്റ ഇവർക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് സ്ത്രീ ജാഗ്രത സമിതി കമ്മറ്റിയുടെ ചുമതലയുള്ള നഗരസഭ വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, കൗൺസിലർ രമ്യ, വാർഡ് കൗൺസിലർ തങ്കമണി, സിന്ദു തുടങ്ങിയവർ കഴിഞ്ഞ ദിവസം രാവിലെ ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു.
പക്ഷേ അവിടെ കിടപ്പു രോഗികളുടെ എണ്ണം കൂടുതലായിരുന്നതിനാൽ കിടത്തിയുള്ള ചികിൽസക്ക് കാലതാമസം വരുമെന്ന് മനസിലായി.
തുടർന്നിവർ മെഡിക്കൽ കോളേജിലെത്തി സൂപ്രണ്ടുമായി നടത്തിയ കൂടികാഴ്ച്ചക്ക് ഒടുവിലാണ് ഇന്നലെ വൈകിട്ടോടെ നഗരസഭ ആംബുലൻസിൽ വസന്തയെ ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.
ഭാർത്താവിൻ്റെയും അപസ്മാര രോഗത്തിന് അടിമയായ മൂത്ത മകൻ്റെയും മരണശേഷം മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് ആൺമക്കളോടൊപ്പമായിരുന്നു ഈ വയോധികയുടെ ജീവിതം.
ക്ഷേമപെൻഷനും, മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്ക് സർക്കാരിൽ നിന്നു ലഭിക്കുന്ന ധനസഹായവും, നഗരസഭ നൽകുന്ന അനുകൂല്യങ്ങളുമാണ് ഇവരുടെ ആശ്രയം.
വെറും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി കൗൺസിലറെ അക്ഷേപിക്കുന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വാസ്‌തവ വിരുദ്ധമാണെന്ന് ചെയർപേഴ്സൺ എം. പ്രദീപ് പ്രതികരിച്ചു.
2015 ൽ എം. പ്രദീപ് നഗരസഭ അധ്യക്ഷനായിരുന്ന കാലത്താണ് പാവപ്പെട്ടവർക്കുള്ള സർക്കാരിൻ്റെ പദ്ധതിയായ ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷണകിറ്റും, മരുന്നും മറ്റ് ആനുകൂല്യങ്ങളും നൽകി ഈ കുടുംബത്തെ സംരക്ഷിച്ചിരുന്നത്.
ഈ കുടുംബത്തെ സംരക്ഷിക്കുന്നത്തോടൊപ്പം തന്നെ
ഇവരുടെ വീട്ടിലേക്കുള്ള ദുർഘടമായ വഴി സഞ്ചാരയോഗ്യമാക്കാൻ വേണ്ട നടപടികൾ നഗരസഭ പൂർത്തിയാക്കി വരുന്നതായും അധികൃതർ
അറിയിച്ചു.