ഗുരുസേവയിൽ അര നൂറ്റാണ്ട് : ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ആദരവ്

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ശിവഗിരി മഠത്തിൽ ചേർന്നിട്ട് ജൂലൈ 18-ന് 50 വർഷം തികയും. ബ്രഹ്മവിദ്യാലയത്തിൽ വിദ്യാർത്ഥിയായി ചേർന്ന സ്വാമി ഏഴ് വർഷത്തെ പഠനം പൂർത്തിയാക്കിയ ശേഷം ശിവഗിരി മഠത്തിലും ധർമ്മസംഘം ട്രസ്റ്റിന്റെ വിവിധ ശാഖാസ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷം, ശാരദാപ്രതിഷ്ഠ ശതാബ്ദി ആഘോഷം എന്നിവയുൾപ്പെടെ വിവിധ വർഷങ്ങളിലെ ശിവഗിരി തീർത്ഥാടന ആഘോഷ കമ്മിറ്റികളുടെ സെക്രട്ടറിയായി സ്തുത്യർഹമായ സേവനം സ്വാമി അനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തും ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലും നിരന്തരം സഞ്ചരിച്ച് ഗുരുധർമ്മം തനതായ ശൈലിയിൽ സ്വാമി പ്രചരിപ്പിച്ചുവരികയാണ്. സ്വാമിയുടെ ‘ദിവ്യ പ്രബോധന ധ്യാനയജ്ഞം’ എന്ന ആത്മീയ പ്രഭാഷണ പരമ്പര ഏറെ ശ്രദ്ധേയമാവുകയും ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെക്കുറിച്ചുള്ള സമഗ്രമായ അറിവ് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. നാനൂറിലധികം വേദികളിൽ ഈ ധ്യാനയജ്ഞം ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
ശിവഗിരി മഠത്തിന്റെ പ്രസിഡന്റായിരിക്കുമ്പോഴും സാധാരണ ജനങ്ങളുമായി അടുത്തിടപഴകി, ലളിതമായ ശൈലിയിൽ ഗുരുദർശനം എല്ലാവരിലേക്കും എത്തിച്ചുകൊണ്ടിരിക്കുകയാണ് ഗുരുസന്ദേശ പ്രചാരണം ജീവിതവ്രതമാക്കിയ സച്ചിദാനന്ദ സ്വാമികൾ. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി. യോഗത്തിന്റെയും ഗുരുധർമ്മ പ്രചരണസഭയുടെയും വളർച്ചയ്ക്കും പുരോഗതിക്കുമായി സ്വാമിയുടെ സേവനം നിരന്തരം ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ജൂലൈ 18-ന് നടക്കുന്ന അനുമോദനയോഗത്തിൽ വർക്കല എം.എൽ.എ. വി. ജോയ് അധ്യക്ഷത വഹിക്കും. വനിതാ-ശിശുവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ട്രഷറർ സ്വാമി ശാരദാനന്ദയും പ്രഭാഷണം നടത്തും. സച്ചിദാനന്ദ സ്വാമികൾ അനുഗ്രഹസന്ദേശം നൽകും.
ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതം ആശംസിക്കും. സ്വാമി ജ്ഞാനതീർത്ഥ നന്ദി രേഖപ്പെടുത്തും.
ശിവഗിരിയിലെ മുതിർന്ന സന്യാസിശ്രേഷ്ഠർ, വിവിധ ആശ്രമങ്ങളിലെ സന്യാസിമാർ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ പ്രതിനിധികൾ, ഗുരുഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ശിവഗിരി മഠം ഓഡിറ്റോറിയത്തിൽ വച്ച് ജൂലൈ 18-ന് രാവിലെ 10 മണിക്കാണ് അനുമോദനയോഗം.