രണ്ട് വിവാഹങ്ങള്‍ കഴിച്ച വിവരവും നാല് മക്കളുള്ള കാര്യവും മറച്ചുവെച്ച് മൂന്നാമതും യുവതിയെ വിവാഹം കഴിച്ച 'കല്യാണരാമനും' തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി റെജി (39), വിവാഹത്തിന് ബന്ധുവിന്റെ വേഷത്തില്‍ എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയോടെ കുന്നത്തൂരിലുള്ള മൂന്നാം ഭാര്യയുടെ വീടിന് സമീപത്തുനിന്നുമാണ് ഇരുവരെയും പോലീസ് തന്ത്രപരമായി പിടികൂടിയത്.
'ജോബിന്‍' എന്ന വ്യാജ പേര് സ്വീകരിച്ചാണ് റെജി പുതിയ വരനായി ചമഞ്ഞത്. കണ്ണനല്ലൂര്‍ നല്ലില സ്വദേശികളായ രണ്ട് യുവതികളെയാണ് ഇയാള്‍ ഇതിനുമുമ്പ് വിവാഹം കഴിച്ച് വഞ്ചിച്ചത്. ഈ രണ്ട് ബന്ധങ്ങളിലായി ഇയാള്‍ക്ക് നാല് മക്കളുമുണ്ട്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരായിരുന്ന റെജിയും കുന്നത്തൂര്‍ സ്വദേശിനിയായ യുവതിയും തമ്മില്‍ ജോലിസ്ഥലത്തുവെച്ചാണ് സൗഹൃദത്തി ലാകുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും കഴിഞ്ഞ ഞായറാഴ്ച ഇരുവരും തമ്മിലുള്ള വിവാഹം ആര്‍ഭാടപൂര്‍വ്വം നടക്കുകയുമായിരുന്നു. തങ്ങള്‍ രണ്ടുപേരും രണ്ട് സമുദായത്തില്‍പ്പെട്ടവരായതിനാല്‍ തന്റെ വീട്ടുകാര്‍ ഈ വിവാഹത്തോട് സഹകരിക്കില്ലെന്ന് വിശ്വസിപ്പിച്ചാണ് റെജി യുവതിയുടെ വീട്ടുകാരെ കൂടെക്കൂട്ടിയത്. വിവാഹത്തിന് ബന്ധുക്കളാരും വരാതിരിക്കാന്‍ ഇയാള്‍ കണ്ടെത്തിയ തന്ത്രമായിരുന്നു ഇത്. ബന്ധുവാണെന്ന് കാണിച്ച് ജിജോയെ മാത്രമാണ് ഇയാള്‍ വിവാഹത്തിന് ഒപ്പം കൂട്ടിയത്.
വിവാഹത്തിന്റെ പിറ്റേ ദിവസം തന്നെ റെജിയുടെ രണ്ടാം ഭാര്യ മക്കളുമായി കുന്നത്തൂരിലെ യുവതിയുടെ വീട്ടിലേക്ക് അന്വേഷിച്ചെത്തിയതോടെയാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയതും ഇയാളുടെ കള്ളി വെളിച്ചത്തായതും.
ഇയാള്‍ നല്‍കിയ പേരും മേല്‍വിലാസവുമെല്ലാം വ്യാജമാണെന്ന് നാട്ടുകാരില്‍ നിന്നും യുവതിയുടെ വീട്ടുകാര്‍ മനസ്സിലാക്കി. ഇതിനിടെ റെജി മൂന്നാമതും വിവാഹം കഴിച്ച വിവരം അറിഞ്ഞ ആദ്യ ഭാര്യമാരില്‍ ഒരാള്‍ ശാസ്താംകോട്ട പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിലാണ് പ്രതികളുടെ തട്ടിപ്പിന്റെ ചുരുളഴിയുന്നതും ഒടുവില്‍ ഇരുവരും പോലീസിന്റെ വലയിലാകുന്നതും. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.
