ഓർക്കുന്നുവോ ഈ പ്രണയ നായകനെ?വൃദ്ധസേവാശ്രമത്തിലാണ് മോഹൻ ശർമ്മ ഇപ്പോൾ

ഓർക്കുന്നുവോ ഈ പ്രണയ നായകനെ?
---------------
വൃദ്ധസേവാശ്രമത്തിലാണ് മോഹൻ ശർമ്മ ഇപ്പോൾ 
--------------- 
"സങ്കടമുണ്ട്. പറഞ്ഞറിയിക്കാനാവാത്ത സങ്കടം. ബാല്യകൗമാരങ്ങളെ ഇത്രയേറെ സ്വാധീനിച്ച ഒരാൾ ജീവിതസായാഹ്നത്തിൽ ഇങ്ങനെയൊരവസ്ഥയിൽ ...."

പറഞ്ഞുതീരും മുൻപ് മോഹൻ ശർമ്മ ഇടപെട്ടു. "പാടില്ല. ഇതൊരു സ്വാഭാവിക പരിണാമം മാത്രമായേ ഞാൻ കാണുന്നുള്ളൂ. ആരുടെ ജീവിതത്തിലും സംഭവിക്കാവുന്ന ഒന്ന്. ഈ പുതിയ ജീവിതവും യാഥാർഥ്യ ബോധത്തോടെ ഉൾക്കൊള്ളുന്നു ഞാൻ. എനിക്ക് വേണ്ടി പ്രാർത്ഥിക്കുക..." 

തളർച്ചയുടെ നേർത്ത ലാഞ്ഛന പോലുമില്ലായിരുന്നു ആ ശബ്ദത്തിൽ. ഓർമ്മവന്നത് കൗമാരത്തെ പ്രണയസുരഭിലവും സംഗീതസാന്ദ്രവുമാക്കിയ കുറെ സുന്ദര കാമുകരെയാണ്: ചട്ടക്കാരിയിലെ ശശി, നെല്ലിലെ മല്ലൻ, പ്രയാണത്തിലെ അരവിന്ദൻ, ജീവിക്കാൻ മറന്നുപോയ സ്ത്രീയിലെ ചന്ദ്രൻ, രാഗത്തിലെ മധുസൂദനൻ, ശ്രീമദ് ഭഗവദ് ഗീതയിലെ അർജ്ജുനൻ .... മറക്കാനാവാത്ത കഥാപാത്രങ്ങൾ. 

അഭിനയിച്ച് അനശ്വരമാക്കിയ പാട്ടുകൾ വേറെ: മന്ദസമീരനിൽ, ഓ മൈ ജൂലി (ചട്ടക്കാരി), ഇവിടെ കാറ്റിനു സുഗന്ധം (രാഗം) നീലപ്പൊന്മാനെ (നെല്ല്), കറുകറുത്തൊരു പെണ്ണാണ് (ഞാവല്‍പ്പഴങ്ങള്‍)), മന്ദാകിനീ ഗാന മന്ദാകിനീ (സര്‍വേക്കല്ല്), വീണപൂവേ കുമാരനാശാന്റെ വീണപൂവേ, അഷ്ടപദിയിലെ നായികേ. (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ), ശരറാന്തല്‍ തിരി താണു, ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍ (കായലും കയറും), മഴ തുള്ളി തുള്ളി, ഓര്‍മ്മയുണ്ടോ (സരിത), മാണിക്യ ശ്രീകോവില്‍ നീയെങ്കില്‍ പ്രിയംവദ), ഓർമ്മകളെ കൈവള ചാര്‍ത്തി (പ്രതീക്ഷ), കാളിന്ദീ കാളിന്ദീ (ചുവന്ന സന്ധ്യകള്‍ ), വിലാസ ലോലുപയായി (ശ്രീമദ് ഭഗവദ് ഗീത), ഈ നിമിഷം പകരുന്നിതാ (കാന്തവലയം).... 

അതൊരു കാലം. വർണ്ണസുരഭിലമായ ആ ഭൂതകാലത്തെ കുറിച്ച് അധികം ഓർക്കാറില്ല മോഹൻ ഇപ്പോൾ. 

ചെന്നൈ നഗരത്തിൽ നിന്ന് അൻപത് കിലോമീറ്ററോളം അകലെയുള്ള രാമാവതാർ അഗർവാൾ സഭ വൃദ്ധ സേവാശ്രമത്തിലാണ് കഴിഞ്ഞ മൂന്ന് മാസമായി മോഹൻ. ജീവിതത്തിൽ ശരിക്കും ഒറ്റപ്പെട്ടുപോയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ വേറെ. മരുന്നിന് മാത്രം പ്രതിമാസം നാല്പത്തിനായിരത്തോളം രൂപ വേണ്ടിവരുമെന്നാണ് നില. വരുമാനവും നിലച്ചതോടെ ജീവിതം ശരിക്കും പ്രതിസന്ധിയിലായി. റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കൾ മുൻകൈയെടുത്താണ് വൃദ്ധാശ്രമത്തിൽ എത്തിച്ചത്. ക്ലബ്ബിന്റെ മുൻ പ്രസിഡന്റിന്റെ ദുരവസ്ഥ അവർക്ക് ഉൾക്കൊള്ളാനാവില്ലായിരുന്നു. "ഇവിടെ ജീവിതം വലിയ അല്ലലും അലട്ടുമില്ലാതെ പോകുന്നു. ഭക്ഷണം സൗജന്യമാണ്. മരുന്നിനുള്ള തുക നമ്മൾ മുടക്കിയാൽ മതി." -- മോഹൻ. "സമയം പോകാൻ ഇടക്ക് പഴയ സിനിമകളിലെ നർമ്മ രംഗങ്ങൾ യൂട്യൂബിൽ കാണും. ഭാവിയെക്കുറിച്ച് വലിയ പ്ലാനിംഗ് ഒന്നുമില്ല. അത്തരം കണക്കുകൂട്ടലുകളുടെ നിരർത്ഥകതയെ കുറിച്ച് കാലം തന്നെ നമ്മളെ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ...."

ആദ്യമായി മോഹനെ കണ്ട നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഇരമ്പുന്ന ജനസാഗരത്തിന്‍റെ അങ്ങേയറ്റത്ത് കറുത്ത പൊട്ടു പോലെ ഒരു ആള്‍രൂപം. സദസ്സില്‍ നിന്നുയര്‍ന്ന നിലയ്ക്കാത്ത ഹര്‍ഷാരവങ്ങള്‍ക്ക് നന്ദി പറഞ്ഞ് ആ രൂപം പാടിത്തുടങ്ങുന്നു-- "മുരളീ ഗാനത്തിന്‍ കല്ലോലിനീ മധുര സ്വരരാഗ മന്ദാകിനീ.." മോഹനിലെ പ്രണയ നായകനെ മാത്രം സിനിമയില്‍ കണ്ടു ശീലിച്ച സദസ്സ് ആ ഗാനത്തിന്റെ മാധുര്യത്തില്‍ ലയിച്ചു തരിച്ചിരുന്നു. പാട്ടിനൊടുവില്‍ ഉയര്‍ന്ന വണ്‍സ് മോര്‍ വിളികള്‍ ഇപ്പോഴും കാതിലുണ്ട്. 1970 കളുടെ മധ്യത്തില്‍ നടന്ന ആ സംസ്ഥാന അവാര്‍ഡ് നിശയില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ സോമനെക്കാള്‍ കയ്യടി നേടിയത് മോഹനായിരുന്നു-- ഒരൊറ്റ പാട്ട് കൊണ്ട്.
  
പേരില്‍ ശര്‍മ്മയില്ല അന്ന്; മോഹന്‍ മാത്രം. മലയാള സിനിമയില്‍ മോഹന്‍ -- ലക്ഷ്മി കൂട്ടുകെട്ടിന്റെ വസന്ത കാലമായിരുന്നു അത് -- ചട്ടക്കാരി, രാഗം, പ്രയാണം, ചുവന്ന സന്ധ്യകള്‍, സര്‍വേക്കല്ല്, പ്രിയംവദ, ചലനം .... അങ്ങനെ ഒരു കൂട്ടം വൈവിധ്യമാര്‍ന്ന സിനിമകള്‍.. അന്നൊക്കെ ആരാധനയായിരുന്നു മോഹനോട്. വെള്ളിത്തിരയിലെ സ്വപ്ന സുന്ദരിയായ ലക്ഷ്മിയെ കെട്ടിപ്പിടിക്കുകയും കവിളില്‍ ഉമ്മ വെക്കുകയും കൈകളില്‍ എടുത്തുയര്‍ത്തി അമ്മാനമാടുകയും ചെയ്യുന്ന കാമുകന്‍.. യേശുദാസിന്റെയും ജയചന്ദ്രന്റെയും ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കാന്‍ ഭാഗ്യമുണ്ടായ നായകന്‍.
 
മോഹന്‍ ചിരിക്കുന്നു. "സംഗീതത്തോട്‌ പണ്ടേയുണ്ട് ഭ്രമം. സത്യത്തില്‍ പാട്ടുകാരനാകാനാണ് ആദ്യം മോഹിച്ചത്. സംഗീത ചക്രവര്‍ത്തി എം ഡി രാമനാഥന്റെ അനന്തിരവന് അങ്ങനെയല്ലേ മോഹിക്കാനാകൂ?'' അത്ഭുതം തോന്നി. അതൊരു പുതിയ അറിവായിരുന്നു എനിക്ക്. എം ഡി ആറിന്റെ ജന്മനാടായ മഞ്ഞപ്രയും മോഹന്‍ ജനിച്ച വളര്‍ന്ന തത്തമംഗലവും പാലക്കാട് ജില്ലയിലാണെങ്കിലും ഇരുവരും തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടെന്നത് അറിഞ്ഞിട്ടില്ല അതുവരെ.  
 
"എന്‍റെ ചിറ്റപ്പനാണ് എം ഡി ആര്‍.,'' -- മോഹന്‍ പറഞ്ഞു. ചിറ്റപ്പന് കീഴില്‍ സംഗീതം അഭ്യസിക്കാന്‍ കഴിയാതെ പോയതില്‍ ഇന്നുമുണ്ട് മോഹന് ദുഃഖം. "അതിന് അവസരം ലഭിച്ചില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്‍റെ തിരക്കും എന്‍റെ സിനിമാ ഭ്രാന്തും ഒത്തുപോകാത്തതാകാം കാരണം ''. എങ്കിലും പാലക്കാടന്‍ ബ്രാഹ്മണ ഗൃഹങ്ങളിലെ മറ്റു ഏതു കുട്ടിയേയും പോലെ അഞ്ചാം വയസ്സില്‍ തന്നെ ഒരു ഭാഗവതരുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു തുടങ്ങി മോഹന്‍ . പില്‍ക്കാലത്ത് സിനിമയില്‍ ഗാന രംഗങ്ങളില്‍ പ്രത്യക്ഷപ്പെടേണ്ടി വന്നപ്പോള്‍ ഈ പരിശീലനം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പറയും മോഹന്‍. താളബോധമാണല്ലോ നല്ലൊരു നടന് വേണ്ട ഏറ്റവും പ്രധാന ഗുണം. യേശുദാസിന്റെയും ജയചന്ദ്രന്റെയും ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കുക മാത്രമല്ല മോഹന്‍ ചെയ്തത്. രണ്ടു ചിത്രങ്ങളില്‍ പിന്നണി പാടുകയും ചെയ്തു. "ബന്ധ"ത്തില്‍ ശ്യാമിന്റെ ഈണത്തിലും (ജനിച്ചപ്പോഴേ തനിച്ചായി ഞാന്‍...), "ഇവിടെ തുടങ്ങുന്നു"വില്‍ ജോണ്‍സന്റെ ഈണത്തിലും (ഏതോ സ്വപ്നം പോലെ, എന്നോമല്‍ സോദരിക്കു, നീയെന്റെ ജീവനാണോമലേ). രണ്ടും മോഹന്‍ തന്നെ നിര്‍മിച്ച ചിത്രങ്ങള്‍.
 
ഗ്രാമത്തിലെ സമപ്രായക്കാരായ കുട്ടികള്‍ ഡോക്ടർമാരും എന്‍ജിനീയര്‍മാരുമാകാന്‍ വേണ്ടി ഉറക്കമിളച്ചപ്പോള്‍, മോഹന്‍ സിനിമാസംവിധായകനാകുന്നത് സ്വപ്നം കണ്ടു നടന്നു. ഗുരുദത്ത്, ബിമല്‍ റോയ്, ശാന്താറാം,ഹൃഷികേഷ് മുഖര്‍ജി - ഇവരൊക്കെയായിരുന്നു ആരാധനാ പുരുഷന്മാര്‍ . തത്തമംഗലത്തെ ചെന്താമര ടോക്കീസില്‍ അന്ന് തമിഴ് മലയാളം സിനിമകളാണ് വരിക. നല്ല ഹിന്ദി സിനിമകളും ഇംഗ്ലീഷ് സിനിമകളും കാണണമെങ്കില്‍ പാലക്കാട്ട് പോകണം.  

പൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ പരസ്യം കണ്ണില്‍ പെടുന്നത് അക്കാലത്താണ്. സിനിമാ പഠന കോഴ്സിന് ചേരണമെങ്കില്‍ ടെസ്റ്റും അഭിമുഖവും ഒക്കെ കടന്നു പോകണം. പണവും അത്യാവശ്യം. വീട്ടില്‍ ചോദിച്ചാല്‍ പണം തരില്ല എന്നുറപ്പായിരുന്നു. ഒടുവില്‍ കോഴ്സിനുള്ള പണം സ്വരൂപിക്കാന്‍ മോഹന്‍ ഒരു വഴി കണ്ടെത്തുന്ന്നു. ചെന്നൈയില്‍ മെഡിക്കല്‍ റെപ്പിന്റെ ജോലി ചെയ്യുക.
 
"മുന്നൂറിലേറെ പേരാണ് ആണ് അന്ന് തെക്കേ ഇന്ത്യയില്‍ നിന്ന് കോഴ്സിനു അപേക്ഷിച്ചത്. ഞാന്‍ ഉള്‍പ്പെടെ 20 പേരെ അവസാന ഘട്ട അഭിമുഖത്തിനു വിളിച്ചു. രാഗിണിയും ജമിനി ഗണേശനും ഒക്കെയുണ്ട് ഇന്റര്‍വ്യൂ ബോര്‍ഡില്‍. ഒടുവില്‍ റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി. തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ തെക്കേ ഇന്ത്യയില്‍ നിന്ന് ഞാന്‍ മാത്രം. അന്ന് രാത്രി ഉറങ്ങിയില്ല. എന്നിലെ പ്രതിഭ അംഗീകരിക്കപ്പെട്ടത്തിന്റെ ആഹ്ളാദം ഒരു വശത്ത്‌.. വീട്ടുകാരില്‍ നിന്ന് ഉണ്ടാകാനിടയുള്ള ശക്തമായ എതിര്‍പ്പിനെക്കുരിച്ചുള്ള വേവലാതി മറു വശത്ത്‌. എന്തായാലും എതിര്‍പ്പുകള്‍ അതിജീവിച്ച് ഒടുവില്‍ ഞാന്‍ പൂനയില്‍ എത്തിപ്പെടുക തന്നെ ചെയ്തു. ഇവനെ തടഞ്ഞിട്ടു കാര്യമില്ല എന്ന് വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടിരിക്കാം..''
 
പൂനയില്‍ തത്തമംഗലത്തുകാരനെ കാത്തിരുന്നത് പുതിയൊരു ലോകമായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവ കലാകാരന്മാര്‍. -- മിഥുന്‍ ചക്രവര്‍ത്തി, ശബാന ആസ്മി, സറീന വഹാബ്, നസീറുദ്ദീന്‍ ഷാ, ഓംപുരി, ഗായകന്‍ ശൈലേന്ദ്ര സിംഗ്, കെ ജി ജോര്‍ജ്, മധു അമ്പാട്ട്, ബാലു മഹേന്ദ്ര തുടങ്ങി പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ അഭിമാനഭാജനങ്ങളായി വളര്‍ന്ന പലരും അന്ന് അവിടെ വിദ്യാര്‍ഥികളായുണ്ട്. ചിലര്‍ സഹപാഠികളായി. മറ്റുള്ളവര്‍ സീനിയേഴ്സ് ആയി. 
                                                                    
മോഹനിലെ അഭിനേതാവിനെ ആദ്യം തിരിച്ചറിഞ്ഞത് അടുത്ത സുഹൃത്തായ ബാലു മഹേന്ദ്ര തന്നെ. ബാലുവിനെ ക്യാമറമാന്‍ ആക്കി രാമു കാര്യാട്ട്‌ "നെല്ല്'' ഉള്‍പ്പെടെ മൂന്ന്‌ പടങ്ങള്‍ ഒരുമിച്ച്‌ അനൗൺസ് ചെയ്ത ഘട്ടം. നെല്ലില്‍ അഭിനയിക്കാന്‍ പുതിയൊരു യുവനടനെ തേടുകയായിരുന്ന രാമുവിനോട് മോഹന്റെ പേര് നിര്‍ദേശിച്ചത് ബാലു ആണ്. രാമുവിന്റെ വിശ്വസ്ത അസിസ്റ്റന്റ്‌ കെ ജി ജോര്‍ജിന്‍റെ പിന്തുണയും ഉണ്ടായിരുന്നു ആ ശുപാര്‍ശക്ക് . പൂനയിലെ കോഴ്സ് ഒരു വര്‍ഷം പിന്നിട്ടിരുന്നതേ ഉള്ളൂ എങ്കിലും ചെമ്മീന്റെ സംവിധായകന്റെ പടത്തില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിക്കാന്‍ മനസ്സു വന്നില്ല മോഹന്.
 
"രാമു ആദ്യം ചെയ്തത് എന്‍റെ പേരിലെ ശർമ്മ എടുത്ത് കളയുകയാണ്. അതിനൊരു ഉത്തരേന്ത്യന്‍ ചുവ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.'' -- മോഹന്‍ ഓര്‍ക്കുന്നു. പക്ഷെ നെല്ല് പുറത്തിറങ്ങാന്‍ വൈകി. ഒരു ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് പ്രതിഭയെ രാമു സിനിമയില്‍ അവതരിപ്പിക്കാന്‍ പോകുന്ന കാര്യം പത്രങ്ങളില്‍ വായിച്ചറിഞ്ഞ പി എന്‍ മേനോന്‍ തന്റെ "പണിമുടക്കി'' ലേക്ക് മോഹനെ ക്ഷണിക്കുന്നത് ആ ഇടവേളയിലാണ്. ഓളവും തീരവും എന്ന സിനിമയുടെ വലിയൊരു ആരാധകന്‍ ആയിരുന്ന മോഹന് മേനോന്റെ ക്ഷണം കണ്ണുമടച്ച് സ്വീകരിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പുതുക്കാട് വച്ച് വെറും 22 ദിവസം കൊണ്ടാണ് മധു നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് മേനോന്‍ തീര്‍ത്തത് എന്നോര്‍ക്കുന്നു മോഹന്‍. മലയാളത്തില്‍ ബാലു മഹേന്ദ്ര ക്യാമറ കൈകാര്യം ചെയ്ത ആദ്യ ചിത്രം. പടം ബോക്സോഫീസില്‍ വിജയിച്ചില്ലെങ്കിലും പുതിയ നടനെ ജനം ശ്രദ്ധിച്ചു; ഒപ്പം സിനിമാലോകവും. കെ എസ് സേതുമാധവന്റെ `ജീവിക്കാന്‍ മറന്ന് പോയ സ്ത്രീ'യില്‍ നായകനാകാന്‍ അവസരം ഒരുങ്ങിയത് അങ്ങനെയാണ്. തുടർന്ന് ചെറുതും വലുതുമായി നിരവധി പടങ്ങൾ.
 
ദേശീയ -- സംസ്ഥാന ബഹുമതികള്‍ നേടിയ "ഗ്രാമം" എന്ന സിനിമയിലൂടെ മോഹന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത് പതിനാലു വർഷം മുൻപാണ്. സുകുമാരിക്ക് മികച്ച സഹനടിക്കും ഇന്ദ്രൻസ് ജയന് വസ്ത്രവിതാനത്തിനുമുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പടം. എക്കാലത്തെയും പ്രിയപ്പെട്ട അഞ്ചു ചിത്രങ്ങളിൽ ഒന്നായി ജയലളിത തിരഞ്ഞെടുത്ത ചിത്രം കൂടിയാണത്. അക്കാദമിക് തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പടത്തിനു തിയറ്ററുകളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നൊരു ദുഃഖം മാത്രം. 

സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം അവിടെനിന്നാണ്. "കലാമൂല്യമുള്ള സിനിമ എടുത്താല്‍ പോരാ, അത് കച്ചവടം ചെയ്യാന്‍ കൂടി അറിയണം എന്ന് അതോടെ മനസ്സിലായി'' -- മോഹന്‍ ചിരിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച അശ്വതി എന്ന ചിത്രത്തിന് വേണ്ടി ജയചന്ദ്രന്‍ പാടിയ പഴയൊരു ഗാനത്തിന്റെ പല്ലവി വെറുതെ മൂളുന്നു അദ്ദേഹം: "കാവ്യപുസ്തകമല്ലോ ജീവിതം, ഒരു കാവ്യപുസ്തകമല്ലോ ജീവിതം, ഇതില്‍ കണക്കെഴുതാന്‍ ഏടുകളെവിടെ....'"

--രവിമേനോൻ