തൃശ്ശൂർ: പോലീസ് ജീപ്പിന് പിഴയിട്ടതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പുമായി ആരംഭിച്ച ‘തമ്മിലടി’ പുതിയ തലത്തിലേക്ക്. എംവിഡിയുടെ വാഹനം വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട എംവിഐ പി.വി ബിജു ഒളിവിൽ തുടരുകയാണ്.
പോലീസ് ജീപ്പിന് ഇൻഷുറൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി എംവിഡി പിഴയിട്ടതോടെയാണ് ഇരു വകുപ്പുകളും തമ്മിൽ അടി ആരംഭിച്ചത്. രാത്രികാല പരിശോധനക്കിടെയാണ് എംവിഡി ഉദ്യോഗസ്ഥർ പോലീസ് ജീപ്പ് തടയുകയും നിയമലംഘനത്തിന് പിഴ ചുമത്തുകയും ചെയ്തത്. ഇത് ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥർ തമ്മിൽ കടുത്ത വാക്കുതർക്കത്തിന് കാരണമായി.
തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് എംവിഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എംവിഡിയുടെ ഔദ്യോഗിക സ്‌ക്വാഡ് വാഹനം പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ ഇൻഷുറൻസ് ഉണ്ടായിട്ടും പിഴയിടുകയായിരുന്നുവെന്ന് പോലീസ് ആരോപിച്ചു. വാഹനത്തിന്റെ ഇൻഷുറൻസ് രേഖകൾ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനു പുറനെ എംവിഐയുടെ വാഹനത്തിന് പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് തെളിയിക്കുന്ന രേഖകൾ വടക്കാഞ്ചേരി പോലീസ് പുറത്തുവിട്ടു.
എംവിഐ പി.വി ബിജുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിന് പിന്നാലെയാണ് ഒളിവിൽ പോയത്. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക, സേനയെ കളങ്കപ്പെടുത്താൻ ശ്രമിക്കുക എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് നടപടി.
