അതേസമയം രാജ്യതലസ്ഥാനത്ത് അത്യന്തം നാടകീയവും ഉദ്വേഗ ജനകവുമായ നിമിഷങ്ങള്‍ സൃഷ്ടിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്റെ രാജി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രക്ഷോഭം. നീറ്റ് ചോദ്യച്ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്റെ രാജി ആവശ്യപ്പെട്ടുള്ള കൊക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും ഇന്ത്യാ മുന്നണിയും രംഗത്തെത്തിയത്.
7 കല്യാണ്‍ മാര്‍ഗില്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ നിലയുറപ്പിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും അടക്കമുള്ളവര്‍ നയിച്ച പ്രക്ഷോഭത്തെ ഡല്‍ഹി പൊലീസ് നേരിട്ടത് അസാധാരണ രീതിയില്‍. രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും അടക്കമുള്ള നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് എത്തിച്ചത്. പൊലീസ് നടപടിയില്‍ രാഹുലിന്റെ മുഖത്ത് പരിക്കേറ്റു. സമരം ചെയ്ത എം.പിമാര്‍ അടക്കമുള്ളവരേയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. പൊലീസ് നടപടിയില്‍ പല എം.പിമാര്‍ക്കും പരിക്കേറ്റു. അതേസമയം നേതാക്കളെ അറസ്റ്റു ചെയ്തു നീക്കിയെങ്കിലും പരിസര പ്രദേശങ്ങളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ തമ്പടിച്ച് രാത്രി വൈകിയും പ്രക്ഷോഭം തുടരുകയാണ്.
രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. വിവിധ നഗരങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. തിരുവനന്തപുരത്തും കൊച്ചിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനിടെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത പ്രവര്‍ത്തകരെ കാണാന്‍ രാത്രി ഒമ്പത് മണിയോടെ സോണിയാഗാന്ധി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തി. ഗേറ്റിനു മുന്നില്‍ അണിനിരന്ന പൊലീസ് സന്നാഹം ആദ്യം സോണിയയെ തടഞ്ഞെങ്കിലും പിന്നീട് അവരേ കടത്തിവിട്ടു.
കൊക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനെ അതിക്രൂരമായി തല്ലിച്ചതിലൂടെ എല്ലാം അവസാനിപ്പിക്കാമെന്ന് കരുതിയ കേന്ദ്ര സര്‍ക്കാറിനും ഡല്‍ഹി പൊലീസിനും അടിമുടി പിഴക്കുന്നതാണ് ഇന്നലെ കണ്ടത്. പ്രതിപക്ഷത്തിന്റെ 7 കല്യാണ്‍ മാര്‍ഗിലെ മിന്നല്‍ പ്രക്ഷോഭത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹി പൊലീസ് അമ്പരന്നു. ഇവ്വിധത്തിലൊരു നീക്കം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാനോ ചെറുക്കാനോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന് കഴിഞ്ഞില്ല.
ഒരു ഘട്ടത്തിലും സമാധാനം കൈവെടിയാന്‍ കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ തയ്യാറാകാതിരുന്നത് മാത്രമാണ് പൊലീസിന് ആശ്വാസമായത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ഡീന്‍ കുര്യാക്കോസും അടക്കമുള്ളവരും അറസ്റ്റു വരിച്ചു. അഖിലേഷ് യാദവ് അടക്കമുള്ളവരേയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. രാഹുലും പ്രിയങ്കയും അടക്കമുള്ളവരെ രാത്രിയോടെ പൊലീസ് വിട്ടയച്ചു. ഇന്ന് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.
