പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; കുണ്ടറ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

​കൊല്ലം: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് മരിച്ചത്. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ മർദ്ദനമേറ്റതാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് സിയാദിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
​13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് അയൽവാസിയായ സിയാദിനെ കസ്റ്റഡിയിലെടുത്തത്. ജൂൺ 16-ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ചാണ് സിയാദിനെ പിടിച്ചുകൊണ്ടുപോയത്.
​ജൂൺ 17-ന് പുലർച്ചെ മുഴുവൻ സിയാദിനെ വിട്ടുകിട്ടുന്നതിനായി ഭാര്യയും മകളും പൊലീസ് സ്റ്റേഷനിൽ നിന്നിരുന്നതായി ഭാര്യ വ്യക്തമാക്കി. മർദ്ദനത്തിൽ സിയാദിന്റെ വാരിയെല്ല് പൊട്ടിയതായും അതിന് പരുക്കുള്ളതായി ഡോക്ടർമാർ പറഞ്ഞതായും കുടുംബം ആരോപിക്കുന്നു.
​കുണ്ടറ സ്റ്റേഷനിലെ എസ്.ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബം ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.